Wednesday, April 24, 2013

മുൻപേ നടന്നവൻ




പിറന്നു വീഴുമ്പോഴേക്കും

വീട്ടിലെ പൊന്‍കരണ്ടി തേഞ്ഞു തീര്‍ന്നിരുന്നു.


മിച്ചം പിടിച്ച ഒരു തരി പോന്നരച്ച്

മുത്തശ്ശി നാവില്‍ ഇറ്റി.

കുടിച്ച സ്വര്‍ണ്ണത്തിന്‍റെ ഗര്‍വ്വും പേറി നടക്കുമ്പോള്‍

വയര്‍ വിശക്കുന്നുണ്ടായിരുന്നു.


കൂട്ടുകാരോടൊത്ത് കളിക്കേണ്ട പ്രായത്തില്‍

കളിപ്പാട്ടങ്ങളില്ലാഞ്ഞതുകൊണ്ടാവണം,

തനിയെ ഇരുന്നു മണല്‍ക്കൂനയില്‍

എലിമാളം തീര്‍ക്കുകയായിരുന്നു.


കുട്ടികള്‍ മണലില്‍ കളിക്കുമ്പോള്‍

ആശാന്‍റെ ചൂരലിന്‍ നോവറിയുകയായിരുന്നു.

അവര്‍ പുസ്തകം മടക്കി ഉറങ്ങാന്‍ കിടക്കുമ്പോള്‍

ഞാന്‍ ഉറക്കമിളച്ചു പഠിക്കുകയായിരുന്നു.


പഠനക്കൊയ്ത്തിന്‍റെ സമയത്ത്

ഞാന്‍ ജീവിതമെന്തെന്ന് എത്തിനോക്കുകയായിരുന്നു.

ജീവിതം നിരര്‍ത്ഥമെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്

പരീക്ഷയില്‍ തോറ്റത് മനപ്പൂര്‍വ്വമായിരുന്നു.


ഇനി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്

മറ്റുള്ളവര്‍ ജീവിതമെന്തെന്ന് തിരിച്ചറിയും വരെ

ഞാന്‍ ഉറങ്ങുകയായിരുന്നു.