Wednesday, March 22, 2017

അസമയം


ഓടാത്ത ഒരു വാച്ചുണ്ട്‌ എനിക്ക്.
ദിവസത്തിൽ രണ്ടു നിമിഷത്തേക്ക്
ശെരിയാണല്ലോ എന്ന് കരുതി
എന്നും കയ്യിൽ കെട്ടി നടക്കുന്നുണ്ട്.
നൂറായിരം തെറ്റുകളിലെ
എന്‍റെ മാത്രം ശെരികൾ.

ചത്തിട്ടില്ല എന്ന് കാണിക്കാൻ
അത് ചിലപ്പോൾ
സെക്കൻഡ് സൂചി ഒന്ന് അനക്കും.
പിടികൂടിയ ഏലി
ഇനി ഓടുമോ എന്നറിയാൻ
പൂച്ച തട്ടി നോക്കുന്ന പോലെ
അന്നേരം ഞാനത്തിനിട്ട്
ഒരു തട്ട് കൊടുക്കും.
അനന്തരം അത്
അവസാന ശ്വാസം വലിക്കും.

അണുബോംബ് വീണപ്പോൾ
നിലച്ചുപോയ വാച്ചെന്ന കണക്ക്
കുറെ നിമിഷങ്ങളെ
ഞാനതിൽ നിമഞ്ചനം ചെയ്ത് വച്ചിട്ടുണ്ട്..
തൊടുത്ത അമ്പും പറഞ്ഞ വാക്കും
നെറ്റ് നിന്നുപോയപ്പോള്‍ ഉറഞ്ഞു പോയ
യൂട്യൂബ് വീഡിയോ കണക്ക്
അങ്ങിനെ നിന്ന് കറങ്ങുന്നുണ്ട് അതില്‍.
തിരികെ കിട്ടില്ലെങ്കിലും,
തിരികെ പോകാൻ പറ്റിയില്ലെങ്കിലും
സംഗതി ഇനി തിരിയാതിരിക്കാൻ
വേണ്ടതെല്ലാം
ഞാൻ അതില്‍ അന്നേ ചെയ്തുവച്ചിട്ടുണ്ട്.

അവൾക്ക് സമയമില്ലത്രേ!
എനിക്ക് സമയയം മാത്രമേ ഉള്ളൂ!