Thursday, December 5, 2013

പ്രണയം തലയ്ക്കുപിടിക്കുമ്പോള്‍ എഴുതിപ്പോവുന്നത്!




1.
കുടിച്ചിട്ടും കുടിച്ചിട്ടും മതിയാവാത്ത പായസം പോലെ,
പ്രണയം!
മനസ്സ് വെറുതെ വിങ്ങുന്നു.
ആവശ്യമില്ലാത്ത വാശികളും പിണക്കങ്ങളും.
അവളുടെ അകല്‍ച്ച മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്!
മധുരിക്കുമ്പോഴും കയ്ക്കുന്നുണ്ട് പ്രണയം,
മത്തുപിടിപ്പിക്കുന്നു അതിന്‍റ നോവ്‌!

2.
ഒഴിയാന്‍ കൂട്ടാക്കാത്ത ബാധ പോലെ അവള്‍--
ഓര്‍മ്മകളില്‍, ബോധങ്ങളില്‍, ചിന്തകളില്‍.
ഉറങ്ങുന്നതും ഉണരുന്നതും
അവളെക്കുറിച്ചുള്ള ചിന്തകളില്‍ തലചായ്ച്ച്!
ഇറങ്ങുവാന്‍ മടിക്കുന്ന കജ്ഞാവിന്‍റെ മൌഠ്യം പോലെ,
കള്ളിന്‍റെ ലഹരി പോലെ,
എന്നില്‍, അവള്‍!
നീയെന്നെ ഭ്രാന്തനാക്കുന്നു!
എന്‍റെ മസ്സിന്‍റെ മേല്‍
എനിക്ക് ഒരു സ്വാധീനവുമില്ലെന്നു നീ വീണ്ടും വീണ്ടും.
പ്രണയം ഇത്രമേല്‍ ലഹരിയോ പ്രിയേ!

3.
നാം രണ്ടു ലോകങ്ങളാകുന്നു!
ഒരിക്കലും കെട്ടുപിണയാനാവാത്ത ഭ്രമണപഥങ്ങളുള്ള
രണ്ടു ലോകങ്ങള്‍!
പരസ്പരം അകന്നുകൊണ്ടിരിക്കുന്ന
രണ്ട് സൌരയൂധങ്ങളിലെ
രണ്ടു ഛിന്നഗ്രഹങ്ങള്‍!



Wednesday, April 24, 2013

മുൻപേ നടന്നവൻ




പിറന്നു വീഴുമ്പോഴേക്കും

വീട്ടിലെ പൊന്‍കരണ്ടി തേഞ്ഞു തീര്‍ന്നിരുന്നു.


മിച്ചം പിടിച്ച ഒരു തരി പോന്നരച്ച്

മുത്തശ്ശി നാവില്‍ ഇറ്റി.

കുടിച്ച സ്വര്‍ണ്ണത്തിന്‍റെ ഗര്‍വ്വും പേറി നടക്കുമ്പോള്‍

വയര്‍ വിശക്കുന്നുണ്ടായിരുന്നു.


കൂട്ടുകാരോടൊത്ത് കളിക്കേണ്ട പ്രായത്തില്‍

കളിപ്പാട്ടങ്ങളില്ലാഞ്ഞതുകൊണ്ടാവണം,

തനിയെ ഇരുന്നു മണല്‍ക്കൂനയില്‍

എലിമാളം തീര്‍ക്കുകയായിരുന്നു.


കുട്ടികള്‍ മണലില്‍ കളിക്കുമ്പോള്‍

ആശാന്‍റെ ചൂരലിന്‍ നോവറിയുകയായിരുന്നു.

അവര്‍ പുസ്തകം മടക്കി ഉറങ്ങാന്‍ കിടക്കുമ്പോള്‍

ഞാന്‍ ഉറക്കമിളച്ചു പഠിക്കുകയായിരുന്നു.


പഠനക്കൊയ്ത്തിന്‍റെ സമയത്ത്

ഞാന്‍ ജീവിതമെന്തെന്ന് എത്തിനോക്കുകയായിരുന്നു.

ജീവിതം നിരര്‍ത്ഥമെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്

പരീക്ഷയില്‍ തോറ്റത് മനപ്പൂര്‍വ്വമായിരുന്നു.


ഇനി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്

മറ്റുള്ളവര്‍ ജീവിതമെന്തെന്ന് തിരിച്ചറിയും വരെ

ഞാന്‍ ഉറങ്ങുകയായിരുന്നു.

Thursday, February 21, 2013

ജീവിതം


ഒരുവഴിയില്‍,

എനിക്കുതോന്നിയ വഴിയില്‍,

ഞാന്‍ നടക്കുകയാണ്;

അലസമായി, അസ്വസ്ഥമായി..

ശമിക്കാത്ത ഏതൊക്കെയോ വികാരങ്ങള്‍ക്കടിമയായി,

വിശപ്പ്, ഉറക്കം, ക്രോധം, കാമം..

ഒരുവഴിയില്‍,

എന്‍റെതന്നെ തെറ്റിയ വഴിയില്‍,

വീണ്ടും വീണ്ടും.

ലക്ഷ്യം- ഒന്നല്ല, രണ്ട്..

ഞാണില്‍ നടക്കുന്ന ബാലികയെപ്പോലെ

ശ്രദ്ധിച്ചല്ല,

അശ്രദ്ധമായി, അലസമായി.


ഉറക്കം

ഈയിടെയായി ഉറക്കം വളരെ കൂടുതലാണ്.

പോത്തുപോലെയുള്ള ഉറക്കം.

ചത്തപോലുള്ള ഉറക്കം.

ഒടുക്കത്തെ ഉറക്കം.


കാമുകി

എന്നേ പൊട്ടിയ ചരടാണ്.

എന്നുമതെടുത്തുവച്ച് തുപ്പലം ചേര്‍ത്തോട്ടിക്കാന്‍ നോക്കും.

മൂക്കില്‍ കയ്യിട്ടു മണപ്പിച്ചു നോക്കും.

വളരുന്ന പുഴുക്കളെ നോക്കും.

എന്നിട്ട് തുപ്പലുണങ്ങുമ്പോള്‍

എടുത്ത് കാട്ടില്‍ കളയും,

നാളെ വീണ്ടും എടുക്കുവാന്‍ വേണ്ടി മാത്രം.


കൂട്ടുകാരന്‍, കൂട്ടുകാരി

എനിക്ക് ഒരു കൂട്ടുകാരനുണ്ട്.

ഒരു കൂട്ടുകാരിയുമുണ്ട്.

അവര്‍ക്ക് വേറെ കുറേ കൂട്ടുകാരുണ്ട്.

എനിക്ക് വേറെ കൂട്ടുകാരില്ല.

അത്രയേയുള്ളൂ പ്രശനം.


കോളേജ്‌

പോവാറുണ്ട്.

അവിടെ എന്താണ് സംഭവിക്കുന്നതെന്നോ,

ആരൊക്കെയാണ് വരുന്നതെന്നോ,


ആര് ആരെ പ്രണയിക്കുന്നുവെന്നോ,

ആര്‍ക്കു ആരോടോക്കെയാണ് ദേഷ്യമെന്നോ,

ഞാന്‍ അന്വേഷിക്കാറില്ല.

അതുകൊണ്ടുതന്നെ,


ഞാന്‍ അവിടെയുണ്ടോ എന്ന്

മറ്റാരും അന്വേഷിക്കാറുമില്ല.



Monday, January 21, 2013

ഈയൽ


ഞാന്‍...

പൊഴിഞ്ഞ ഏതോ നിലാവില്‍

സ്നേഹത്തിന്‍റെ താരാട്ടുതേടിയ ഈയല്‍..

ചിറകുകൊഴിയുംവരെ അമ്പിളിയമ്മയെ വലയം ചെയ്ത്

വാത്സല്യത്തിന്‍റെ അമ്മിഞ്ഞ തേടിയ പൈതല്‍..


സ്ഫടികവേലി കെട്ടി എന്നെ അകറ്റുവാന്‍

സ്നേഹവാത്സല്യങ്ങളെ പ്രദര്‍ശനശാലയിലാക്കിയതെന്തെന്നറിയുമോ-

നിങ്ങളെന്‍റെ കുഴയുന്ന ചിറകുകള്‍ കാണുമോ?


ചിറകുകൊഴിയുംവരെ പറക്കട്ടെ ഞാനിനിയു-

മമ്പിളി കാതങ്ങളകലെ തിളങ്ങുന്ന ബിന്ദുവാകാം.



സമയമേറെയും കഴിയവേ, ഞാന്‍-

ഒടുവിലൊരുപിടി ശാപവും പേറി

പൂഴിയില്‍ മോക്ഷംതേടുന്ന

ഈയൽ .