Sunday, December 30, 2012

തിളങ്ങുന്ന പുഞ്ചിരികള്‍


തിളങ്ങുന്ന പുഞ്ചിരികള്‍

    കണ്ണുതുറക്കുമ്പോള്‍ സംഗതി ആശുപത്രിയിലാണ്. ആശുപത്രി എന്ന് പറഞ്ഞാല്‍ I.C.U. വില്‍....... ചുറ്റും വെള്ള കര്‍ട്ടനിട്ട ദീര്‍ക്കചതുരാകൃതിയിലുള്ള കൂറ്റനൊരു മുറി. മൂക്കിലും നെഞ്ചിലുമൊക്കെ കുഴലുമായി ചുറ്റിനും രോഗികള്‍.. 

    കണ്ണുതുറക്കുന്നതുകണ്ട് ഒരു നേഴ്സ് എവിടുന്നോ ഓടിപ്പാഞ്ഞു വന്നു. 

    “പേടിക്കാനൊന്നുമില്ല. ഒരു കാലിനും കയ്യിലെ രണ്ടു വിരലിനും ഒടിവുണ്ട്. അത് പ്ലാസ്റ്റര്‍ ഇട്ടു. മറ്റു കുഴപ്പങ്ങളൊന്നുമില്ല. വേഗം ശരിയാവും” എന്‍റെ പരിഭ്രമം കണ്ട് അവര്‍ പറഞ്ഞു.

    എന്താണ് നടന്നതെന്നോ ഞാന്‍ എങ്ങിനെയാണ് ഇവിടെ എത്തിയതെന്നോ അപ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ടയിരുന്നില്ല. പുതുശ്ശേരി കവലയിലൂടെ സ്കൂട്ടറില്‍ പോരുന്നതാണ് അവസാനമായി ഓര്‍മ്മയിലുള്ളത്. പിന്നെ.. പിന്നെ എന്ത് സംഭവിച്ചു? അറിയില്ല..

    കാലിന്നുള്ളില്‍ ഒരു അസ്വസ്ഥത. പതിയെ ഒന്ന് അനക്കി നോക്കി. “അയ്യോ...” മിന്നല്‍പ്പിണര്‍ പോലെയായിരുന്നു വേദന. കണ്ണില്‍ നിന്നും അറിയാതെ നീര്‍ വന്നു.
    “കയ്യും കാലുമൊന്നും ഇപ്പോള്‍ അനക്കാന്‍ ശ്രമിക്കണ്ട. ശരിയാവാന്‍ രണ്ടു മൂന്നു മാസം എടുക്കും. റെസ്റ്റ്‌ എടുത്തോളൂ..” കാല് നേരെ എടുത്തു വയ്ക്കുമ്പോള്‍ നഴ്സ് പറഞ്ഞു.

    പതിയെ ഞാന്‍ എന്നെത്തന്നെയൊന്നു നോക്കി. ആകെ കാണാന്‍ കഴിയുന്നത് ഒരു കയ്യും മറ്റൊരു കാലുമാണ്. ശരീരത്തിന്‍റെ ബാക്കി ഭാഗമെല്ലാം പുതപ്പിനുള്ളിലാണ്. കൈ പുതപ്പിന് പുറത്തായതിനാലും കാല്‍ ഉയര്‍ത്തി വച്ചിരിക്കുന്നതിനാലും അവിടെ രണ്ടിടത്തേയും പ്ലാസ്റ്റര്‍ കാണാം. ബാക്കി ഒന്നിനെക്കുറിച്ചും എനിക്കൊരു പിടിയുമില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും നഴ്സ് പോയിക്കഴിഞ്ഞിരുന്നു.

    അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവര്‍ ഡോക്ടറേയും കൂട്ടി വന്നു. കൂടെ മറ്റു രണ്ടു നഴ്സുമാരുമുണ്ട്. ഡോക്ടര്‍ പരിശോധനയെല്ലാം കഴിഞ്ഞു റിപ്പോര്‍ട്ട് എഴുതുന്നതിനിടെ ചോദിച്ചു: 

“സാമുവലിന് വീട്ടില്‍ ആരെല്ലമുണ്ട്?”

“ആരുമില്ല. ഞാന്‍ തനിച്ചാണ്.

“ആരുമില്ല?” ഡോക്ടര്‍ ഒന്നുകൂടെ എടുത്തുചോദിച്ചു.

“ഇല്ല.”

“ഒന്ന് വിളിച്ചാല്‍ വരാനും നിങ്ങളുടെ കൂടെ നിന്ന് നിങ്ങളുടെ കാര്യങ്ങള്‍ നോക്കുവാനും പറ്റുന്ന....; അകന്ന ബന്ധത്തില്‍ പോലും ആരും ഇല്ല? കാരണം നിങ്ങള്‍ക്ക് രണ്ടു മൂന്നു മാസം ഇവിടെ കഴിയേണ്ടി വരും.”

“അങ്ങിനെ വന്നു നില്‍ക്കാനൊന്നും ആരുമില്ല ഡോക്ടര്‍. ബന്ധങ്ങളെല്ലാം പണ്ടേ അറ്റുപോയി..”

“ശരി” ഒന്നാലോചിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, “എങ്കില്‍ നമുക്കൊരു ഹോം നേഴ്സ്നെ വയ്ക്കാം. അതിനുള്ള പൈസ നിങ്ങള്‍ ഇവിടെ അഡ്വാന്‍സ്‌ ആയി കെട്ടിവയ്ക്കേണ്ടിവരും.”

“അതൊക്കെ ശരി. പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയു.. അതിനുമുന്‍പെ നിങ്ങള്‍ പൈസ പൈസ എന്ന് പറഞ്ഞു തുടങ്ങരുത്”

സ്വതവേ ശബ്ദം അല്‍പ്പം പരുക്കമായതുകൊണ്ടാവണം, ഞാന്‍ പറഞ്ഞത് അല്‍പ്പം കടുപ്പമായി ഡോക്ടര്‍ക്ക്‌ തോന്നിയത്‌. 

“നിങ്ങളെ ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. പിന്നെ ഡ്രൈവിംഗ് ലൈസെന്‍സില്‍ നിന്നാണ് പേര് തപ്പിക്കണ്ടുപിടിച്ചത്. പോലീസിനെയൊക്കെ ചട്ടപ്രകാരം അറിയിച്ചിട്ടുണ്ട്. ബോധം വന്ന സ്ഥിതിയ്ക്ക് ഞങ്ങള്‍ ഇപ്പോള്‍ തന്നെ അവരെ വിളിച്ചു പറയും. നിങ്ങളുടെ മൊഴിയെടുക്കാന്‍ അവര് അല്‍പ്പസമയം കഴിഞ്ഞു വരുമായിരിക്കും.”

അത്രയും പറഞ്ഞു ഡോക്ടര്‍ തിരിച്ചു നടന്നു.

“എന്നെ ഏതവനാണ് ഇടിച്ചത്? എനിക്ക് ഓര്‍മ്മ പോലുമില്ല!”

ഡോക്ടര്‍ പോവുന്നതുകണ്ടു ഞാന്‍ പുറകില്‍ നിന്ന് വിളിച്ചു ചോദിച്ചു.

“അതെല്ലാം ഇനി പോലീസുകാര്‍ വരുമ്പോള്‍ അവരോടു ചോദിച്ചാല്‍ മതി” വാതില്‍ക്കലേക്ക് നടക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.

അടുത്തുനിന്ന നഴ്സിനു എന്തോ, മറുപടി പറയാനുള്ള സന്മനസ്സുണ്ടായി. 

“ഓ.. അയാളുടെ വണ്ടിവണ്ടി നിങ്ങളുടെ വണ്ടിയിലേക്ക് പുറകില്‍നിന്നുവന്ന് ഇടിക്കുകയായിരുന്നു എന്നാണ് പറഞ്ഞുകേട്ടത്. അതായിരിക്കും നിങ്ങള്‍ അറിയാതെ പോയത്..”

ആ പറഞ്ഞ മറുപടി എനിക്കത്ര രസിച്ചില്ലെങ്കിലും അവര്‍ പിന്നീട് പറഞ്ഞതില്‍ നിന്നു അത് സത്യമാണെന്ന് മനസ്സിലായി. 

അവര്‍ തുടര്‍ന്നു: “നിങ്ങളെ ഇവിടെ കൊണ്ടുവന്നാക്കി, കുറച്ചു പൈസയും കെട്ടിവയ്ച്ച് അയാള്‍ പോയി. നിങ്ങളുടെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടുപിടിച്ചിട്ടു അറിയിക്കാമെന്ന് പറഞ്ഞിരുന്നു.. പിന്നെ ഇതുവരെ കണ്ടില്ല. അയാളുടെ ഫോണ്‍ നമ്പര്‍ ഇവിടെ തന്നിട്ടുണ്ട്. മൊഴിയെടുക്കാന്‍ പോലീസുകാര്‍ വരുമ്പോള്‍ വിളിപ്പിച്ചോളും.”

രണ്ടു പോലീസുകാര്‍ മൊഴിയെടുക്കാന്‍ വന്നത്തു പക്ഷെ, അടുത്ത ദിവസമാണ്. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ അബൂബക്കറും വന്നു. സംഭവം കേസാക്കാന്‍ തീരുമാനിച്ചതുകൊണ്ട് മൊഴിയെടുതിട്ടു പോലീസുകാര്‍ പോയി. അബൂബക്കര്‍ അടുത്ത് തന്നെ നിന്നു.

“അറിയാതെ പറ്റിപ്പോയതാണ്, ക്ഷമിക്കണം.” അയാള്‍ പറഞ്ഞു.

“ക്ഷമിച്ചിട്ടു എന്താടോ കാര്യം; എനിക്ക് എഴുന്നേറ്റു നടക്കുവാന്‍ കഴിയണ്ടേ?” എനിക്ക് ദേഷ്യം വന്നു.

“ആകെയുള്ള ഈയൊരു പെട്ടിയോട്ടോ ഓടിച്ചിട്ടാണ് സാറേ ഇമ്മള് ജീവിക്കണത്. അന്ന് അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കടയിലേക്ക് തിരുവല്ലയില്‍ നിന്നു കുറച്ചു പി.വി.സി. പൈപ്പ് കൊണ്ടുവരുവായിരുന്നു. പൈപ്പ് പുറത്തേയ്ക്ക് നീണ്ടിരിക്കുന്ന കാര്യം മ്മള് ഓര്‍ത്തില്ല. ആ വളവില് വീശിയെടുതപ്പോള്‍ പറ്റിയതാണ്. മനപ്പൂര്‍വമല്ല. മാപ്പാക്കണം..”

അയാള്‍ കട്ടിലിന്‍റെ തലക്കല്‍ വന്നുനിന്ന് ക്ഷമാപൂര്‍വം പറഞ്ഞു. അയാളോട് ഞാനെന്തു മറുപടി പറയാനാണ്? 

“സംഭവിച്ചുപോയില്ലേ.. ഇനി ഞാനെന്തു പറയാനാണ്” എന്ന് മാത്രം പറഞ്ഞു.

“ഈ ഓട്ടോ അല്ലാതെ വേറൊരു വരുമാനം നമുക്കില്ല സാറേ. എന്‍റെ കഴിവിനനുസരിച്ചൊരു തുക ഞാന്‍ ഇവിടെ കെട്ടിയിട്ടുണ്ട്. ബാക്കി...  സാറിന് ഇന്‍ഷുറന്‍സോക്കെ കാണുമല്ലോ..” ഒന്ന് നിര്‍ത്തിയിട്ടു അയാള്‍ പറഞ്ഞു: “കേസാക്കിയിട്ടുള്ളതുകൊണ്ട് അങ്ങിനെയും കുറച്ചു പൈസ കിട്ടുമല്ലോ..”

“ആ.. അതൊക്കെ ശരിയാവും അബൂബക്കറെ.. സാരമില്ല..”

“ഇടയ്ക്കൊക്കെ വന്നു കാണാം. രണ്ടുമണിക്ക് കോട്ടയം വരെ ഒരു ഓട്ടമുണ്ട്. വരട്ടെ..”

“ശരി അബൂബക്കറേ..”

അബൂബക്കര്‍ പോയി.അയാളുടെ കഴിവിന്റെ പരമാവധി അയാള്‍ മാന്യമായി ചെയ്തിട്ടുണ്ട്. വണ്ടി തട്ടിയ ഒരാളോട് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇത്രയും തന്നെ മറ്റാരെങ്കിലും ചെയ്യുമോ എന്ന് തന്നെ സംശയമാണ്. അയാളുടെ നല്ല മനസ്സ്. ദൈവം സഹായിക്കട്ടെ!

അന്നുപിന്നെ രണ്ടുപേര്‍ കൂടി കാണുവാന്‍ വന്നു. വീടിനടുത്തുള്ള രണ്ടുപേര്‍ - പെന്തക്കോസ്തു സഭക്കാര്‍. പ്രേതാലയം പോലുള്ള എന്‍റെ വീട്ടിലെ ആകെയുള്ള സന്ദര്‍ശകരാണ് അവര്‍.. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ആകെയുള്ള ബന്ധുക്കള്‍.. ഞായറാഴ്ചകളില്‍ അവര്‍ കൂട്ടമായി വരും. എന്‍റെ വീടിന്‍റെ ഹാളാണ് അവരുടെ ദേവാലയം. അവര്‍ വന്ന് അവരുടെ പാട്ടൊക്കെ പാടി പ്രാര്‍ഥിക്കും. ഞാനും അവരുടെ കൂടെ പോയി ഇരിക്കും. വൈകുന്നെരത്തോടു കൂടി ചായയൊക്കെ കുടിച്ചു  പിരിയും. മാസം തോറും രണ്ടായിരം രൂപ തരും. ഒരു ശല്യവുമില്ല. പ്രാര്‍ഥിക്കാം എന്നെല്ലാം പറഞ്ഞു അവര്‍ പോയി.

“നിങ്ങളുടെ ഒരു ബന്ധു വന്നിട്ടുണ്ട്.” പിറ്റേ ദിവസം ഒരു നേഴ്സ് വന്നു പറഞ്ഞു. 

“അതിനു എനിക്ക് ബന്ധുക്കളൊന്നുമില്ലല്ലോ..”

“ആ.. എനിക്കറിയില്ല. ആരോ.. നിങ്ങള് അയാളുടെ എളേപ്പനാണെന്നോ മറ്റോ ആണ് പറയുന്നത്. ഒരു സജി.”

സജി. എന്റെ ചേട്ടന്റെ മകന്‍. ഞാന്‍ ഗള്‍ഫിലായിരുന്ന കാലത്ത് അവനെയും കൊണ്ടുപോവണമെന്നു പറഞ്ഞു എന്‍റെ കൂടെ കൂടിയതാണ്. ഒടുവില്‍ ഗള്‍ഫില്‍ നിന്ന് കിട്ടാവുന്നത്ര പൈസ കടം വാങ്ങിയിട്ട് അവന്‍ മുങ്ങി. അത് കൊടുത്തു തീര്‍ക്കാന്‍ പത്തിരുപതു വര്‍ഷം ഞാന്‍ സമ്പാദിച്ചതെല്ലാംകൂടെ കൂട്ടിയിട്ടും തികഞ്ഞില്ല. അതില്‍പിന്നെ ഞാന്‍ അവനെ കാണുന്നത് ഇന്നാണ്.

അപകടം പറ്റിയതിനെക്കുറിച്ചെല്ലാം എവിടുന്നോ പറഞ്ഞുകേട്ടു വന്നിരിക്കുകയാണ്. സുഖമാവുന്നതുവരെ എന്റെ കൂടെ നിന്ന് എന്നെ നോക്കിക്കോളാമെന്നെല്ലാം നഴ്സുമാരോട് പറഞ്ഞുവത്രേ..

പക്ഷെ എന്‍റെ ജീവിതം ഇങ്ങിനെയാക്കിയവനോട് എനിക്കെങ്ങിനെ പെട്ടെന്ന് ക്ഷമിക്കാന്‍ കഴിയും? ദേഷ്യം വന്നിട്ട് എന്റെ കൈകള്‍ വിറയ്ക്കുകയായിരുന്നു.

“ഈ കഴുവേറിയെ എനിക്ക് കാണണ്ട. ഇവനെന്നെ നോക്കുകയും വേണ്ട. എനിക്ക് ഇവനല്ലെങ്കില്‍ നൂറ് ആള്‍ക്കാരുണ്ട് എന്നെ നോക്കാന്‍. ഞാന്‍ പുഴുവരിച്ചുകിടന്നാലും എന്നെ ഇവനെക്കൊണ്ട് തോടീക്കുകപോലുമരുത്.” ഞാന്‍ അലറി.

നഴ്സുമാരും, വഴിയെ പോയവരും, അടുത്ത വാര്‍ഡിലെ രോഗികളെ നോക്കാന്‍ വന്നവരും വരെ ഓടിക്കൂടി.

“നിങ്ങള്‍ക്ക് എന്നെ നോക്കാന്‍ പറ്റില്ലെങ്കില്‍ പറ. ഞാന്‍ വേറെ വല്ല ആശുപത്രിയിലും പോയിക്കോളാം.” ദേഷ്യത്തില്‍ ഞാനാ നഴ്സുമാരോട് പറഞ്ഞു.

അപ്പുറത്തുനിന്നും ഇപ്പറത്തുനിന്നുമെല്ലാം എല്ലാവരും  എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു: ഏതോ ഭീകരജീവിയെ കണ്ടതുപോലെ. ഞാനേതോ വലിയ കുറ്റവാളിയായതുപോലെ.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മുറുമുറുത്തുകൊണ്ട് പിരിഞ്ഞുപോയി. 

അതില്‍പിന്നെ ഈ നഴ്സുമാര്‍ എന്നെ തിരിഞ്ഞുനോക്കിയിയിട്ടില്ല. കടമ കഴിക്കുന്നതുപോലെ മരുന്നും ഇന്‍ജക്ഷനുമെല്ലാം തരും. വീര്‍പ്പിച്ച മുഖവുമായി തിരികെ പോവും. ഒന്ന് മിണ്ടുകപോയിട്ട് ചിരിക്കുകപോലുമില്ല.

ഞാന്‍ എന്തുകൊണ്ടാണ് അത്രയും ദേഷ്യപ്പെട്ടതെന്നു അവര്‍ക്കറിയാമായിരുന്നെങ്കില്‍ അവര്‍ എന്നോട് ഇങ്ങനെ പെരുമാറുകയില്ലായിരുന്നു. ഓ.., നിങ്ങള്‍ക്കുമാതറിയില്ലല്ലോ. ഞാന്‍ പറയാം..

എന്‍റെ ജീവിതസമ്പാദ്യം മുഴുവന്‍ നശിപ്പിച്ചതുകൊണ്ടല്ല എനിക്ക് റെജിയോടു വെറുപ്പ്‌.; അവന്‍ എന്റെ ജീവിതം തന്നെ നശിപ്പിച്ചവനാണ്. കഥ പറയണമെങ്കില്‍ കുറെ പുറകോട്ടു പോവണം.

1985.
ചെറുപ്പത്തില്‍ തന്നെ ഗള്‍ഫിലേക്ക് പോയതുകൊണ്ട്  കല്യാണം കഴിച്ചത് കുറച്ചു വൈകിയാണ്. അതും എന്നെക്കാള്‍ 10 വയസ്സ് ഇളപ്പമുള്ള ഒരുത്തിയെ. ജനുവരിയിലായിരുന്നു വിവാഹം. ഫെബ്രുവരി അവസാനത്തോട് കൂടി ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് പോയി. നവംബറില്‍ ഗള്‍ഫിലേക്ക് ഒരു ഫോണ്‍ വന്നു - ഭാര്യ പ്രസവിച്ചു - ആണ്‍ കുഞ്ഞാണ്. കുട്ടിയെ കാണാന്‍ ഞാന്‍ വരുന്നത് അവനു നാല് വയസ്സായപ്പോഴാണ്. ഒരു ബാഗ് നിറയെ സ്വര്‍ണാഭരണങ്ങളും യാര്‍ഡ്‌ലിയുടെ പൌടറും പായ്ക്കറ്റുകള്‍ കണക്ക് മിഠായികളുമായി വന്ന് രണ്ടു മാസം നിന്നു. കല്യാണം കഴിഞ്ഞശേഷം ബന്ധുവീടുകളിലോക്കെ പോകുന്ന ചടങ്ങ് നടത്തിയത് അപ്പോഴാണ്‌..

 ഗള്‍ഫില്‍ തിരിച്ചെത്തി കൃത്യം 9 മാസം തികഞ്ഞ ദിവസം മകള്‍ പിറന്നുവെന്നു പറഞ്ഞു നാട്ടില്‍ നിന്ന് അടുത്ത കോളും വന്നു. മകളെ കാണാന്‍ ഇനി എന്നാണു നാട്ടില്‍ പോവുക എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇവന്‍ - റെജി, ഗള്‍ഫില്‍ ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞു പിറകെ കൂടുന്നത്. രണ്ടു വര്‍ഷം പിന്നെ റെജി എന്‍റെകൂടെയായിരുന്നു. പലരുടെയും കയ്യില്‍ നിന്ന് ഇവന്‍ പൈസ കടം വാങ്ങിക്കുന്നെണ്ട് അറിയാമായിരുന്നെങ്കിലും ഇത്രയധികമുണ്ടെന്ന് ഞാനറിയുന്നത് വീട്ടുപടിക്കല്‍ ആളുകൂടുമ്പോഴാണ്. എന്‍റെ സകല സമ്പാദ്യവും വിറ്റുപെറുക്കിയാണ് ഞാനാ കടം വീട്ടിയത്. റെജിയെ വിളിച്ചു ഇതെല്ലാം പറഞ്ഞപ്പോള്‍ “എന്റെ കടങ്ങളെല്ലാം കൊടുത്തുതീര്‍ക്കാന്‍ നിങ്ങളോടാരാ പറഞ്ഞത്‌” എന്നായി അവന്‍..

പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് പൈസ മാത്രമായിരുന്നില്ല. റെജിയുടെ കടങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ള തത്രപ്പാടില്‍ ഒരു നാലഞ്ചു മാസം എനിക്ക് നാട്ടിലേക്ക് പണമയയ്ക്കുവാനായില്ല. പിന്നീട് കേള്‍ക്കുന്നത്  എന്റെ ഭാര്യ മക്കളെയും കൂട്ടി വേറൊരുത്തന്‍റെ കൂടെ പോയി താമസമായി എന്നാണ്. പോയപ്പോള്‍ ബാങ്ക് ലോക്കറില്‍ ഇരുന്ന പൈസയും ആഭരണങ്ങളുമെല്ലാം അവള്‍ കൊണ്ടുപോയി. കയ്യില്‍ നയാപൈസയില്ലാതെ ഞാന്‍ ഗള്‍ഫില്‍ തനിച്ചായി. 

വീണ്ടും പതിനഞ്ചു വര്‍ഷത്തോളം ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്തു. നാട്ടില്‍ തിരിച്ചു വരുമ്പോള്‍ ഇവന്‍ എന്റെ വീട്ടുകാരെപ്പോലും തിരിച്ചുവച്ചിരിക്കുകയാണ്. ഞാന്‍ ഗള്‍ഫില്‍ സമ്പാദിക്കുന്ന പൈസ മുഴുവന്‍ കള്ളുകുടിച്ചും പെണ്ണുപിടിച്ചും തീര്‍ക്കുകയാണ്; ഞാന്‍ കടം വാങ്ങിക്കുന്ന ആളുകള്‍ അവന്‍റെ അടുത്താണ് പൈസ ചോദിക്കുന്നത്. അതുകൊണ്ടാണ് അവന്‍ തിരിച്ചുപോന്നത് എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവര്‍ നോക്കുമ്പോള്‍ ശരിയാണ്; വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു; സ്വന്തം വീട്ടിലേക്കു പോലും പൈസ അയക്കുന്നില്ല. 

കുടുംബത്തിന് അപമാനമുണ്ടാക്കിയവന്‍.; ആരും എന്നോട് മിണ്ടാതെയായി.

അങ്ങിനെയാണ് പുതുശ്ശേരിയില്‍ പോയി കുറച്ചു സ്ഥലം വാങ്ങിയതും വീടുവച്ചു ഏകാന്തവാസമാരംഭിച്ചതും. ദൈവം സഹായിച്ചു ഇതുവരെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ജീവിച്ചുവരികയായിരുന്നു. അപ്പോഴാണ്‌ ഇങ്ങിനെയൊരു പണി കിട്ടുന്നത്. ഓടുങാനായിട്ട് ഇവനെ വീണ്ടും എന്‍റെ മുന്‍പില്‍ കൊണ്ടുവന്നിടുന്നതും.

പക്ഷെ ഇവനുണ്ടല്ലോ, റെജി; ഇവന്‍ അങ്ങിനെയൊന്നും പോവുന്ന സാധനമല്ല. അവന്‍ എനിക്കുവേണ്ടി നേഴ്സുമാരോട് പോയി മാപ്പുപറഞ്ഞുവത്രേ. പിറ്റേന്നാണ് ഞാനതറിയുന്നത്.

അന്ന് ഒരു നേഴ്സ് വന്ന് മേലെല്ലാം തുടച്ചു സ്ട്രെച്ചറിലേക്കു മാറ്റിക്കിടത്തി.

“എന്താ സിസ്റ്ററേ?” ഞാന്‍ ചോദിച്ചു.

“ഓപ്പറേഷനുണ്ട്”; നേഴ്സ് പറഞ്ഞു.

“ഓപ്പറേഷനോ?”

“കാലില്‍ മൂന്നിടത്ത് ഓടിവില്ലേ, അവിടെ ഓപ്പറേറ്റുചെയ്ത് സ്റ്റീല്‍ ഇടണം. എങ്കിലേ നടക്കനാവൂ..”

“എന്നോടൊന്നും പറഞ്ഞില്ല. ഞാന്‍ അറിഞ്ഞതേയില്ല. എന്‍റെ സമ്മതമില്ലാതെയാണോ ഓപ്പെറേറ്റുചെയ്യുന്നത്?”

“റെജി എന്നോരാളില്ലേ, അയാള്‍ പൈസ കെട്ടി. ഓപ്പറേഷനു ഒപ്പിട്ടുകൊടുത്തിട്ടുണ്ട്.” നേഴ്സ് പറഞ്ഞു.

“അയാള്‍ ഒപ്പിട്ടുകൊടുത്തത് എന്‍റെ കിഡ്ണിയോ മറ്റോ മുറിച്ചെടുത്തു വില്‍ക്കാനാണോ എന്ന് ഞാനെങ്ങിനെ അറിയും? എന്‍റെ സമ്മതമില്ലാതെ ഓപ്പെറേറ്റുചെയ്യാന്‍ നിങ്ങള്‍ക്ക് ആര് അധികാരം തന്നു?

അത് ആശുപത്രിയില്‍ തന്നെ വലിയൊരു പ്രശ്നമായി. ഒടുവില്‍ ആശുപത്രിയുടെ എം.ഡി. വന്നു ചോദിച്ചു:

“നിങ്ങള്‍ക്ക് ഓപ്പറേഷന്‍ ചെയ്യണോ വേണ്ടയോ?”

ഞാന്‍ ഒന്നും പറയാതെ കിടന്നു. അയാള്‍ ഒരുതവണകൂടി ചോദിച്ചു; ഇത്തവണ പക്ഷെ, ഇങ്ങിനെയായിരുന്നു:

“നിങ്ങള്ക്ക് എഴുന്നേറ്റു നടക്കണമോ വേണ്ടയോ?”

അങ്ങിനെ ഓപ്പറേഷന്‍ കഴിഞ്ഞു. എന്നെ വാര്‍ഡിലേക്ക് മാറ്റി. റെജി എന്റെ അടുത്തുവന്ന് കഴിഞ്ഞതിനെല്ലാം മാപ്പുചോദിച്ചു. ഈ അവസ്ഥയില്‍ കിടക്കുന്ന ഞാനിനി എന്ത് ദേഷ്യം വിചാരിക്കാനാണ്? ആകെ രക്ഷയ്ക്കുള്ളത് ഇവന്‍ മാത്രമാണ്. 

ഞാന്‍ ക്ഷമിച്ചു.

ബെഡ്-പാന്‍ വയ്ക്കാനും യൂറിന്‍ ബോട്ടില്‍ പിടിച്ചുതരാനും തുടയ്ക്കാനുമെല്ലാം അവന്‍ സഹായിച്ചു. രണ്ടുമൂന് ദിവസത്തിനുള്ളില്‍ നാലഞ്ചു ബന്ധുക്കള്‍ വന്നു കണ്ടിട്ടുപോയി. റെജി എല്ലാവരെയും അറിയിച്ചു. എന്‍റെ മുന്‍ ഭാര്യയേയും അറിയിച്ചിരുന്നെന്നു റെജി പറഞ്ഞു. അവള്‍ “വരില്ല” എന്ന് പറഞ്ഞുവത്രേ. 

“വരണ്ട. ഇങ്ങോട്ട് ആരും വരണ്ട. വന്നാല്‍ ഞാന്‍ ഇവിടെ ആരെയും കറ്റുകയുമില്ല. ആരും ഉണ്ടായിട്ടല്ലല്ലോ ഇത്രയും നാള്‍ ജീവിച്ചത്.” ഞാന്‍ റജിയോടു പറഞ്ഞു.

ആശുപത്രി വാസം തുടങ്ങിയിട്ട് ഇന്ന് ആറ് ദിവസമായി.

“മരുന്നിനും ആശുപത്രി ചിലവിനും മറ്റുമായി കുറെ പൈസ ചിലവായി. വല്യാപ്പന്റെ കയ്യില്‍ പൈസ വല്ലതുമുണ്ടെങ്കില്‍ തരരണം.” റെജി രാവിലെ വന്നു പറഞ്ഞു.

“പൈസ.. പൈസയായിട്ട് ഇനി എന്‍റെ കയ്യിലൊന്നുമില്ല.ബാങ്കില്‍ ഇനിയുള്ളത് എഫ്.ഡി. ആണ്. അതെടുക്കണമെങ്കില്‍ ഞാന്‍ ഒപ്പിട്ടുകൊടുക്കണം. കൈ ഓടിഞ്ഞിരിക്കുന്നതുകൊണ്ട് ഒപ്പിടാന്‍ പറ്റില്ലല്ലോ..” ഞാന്‍ പറഞ്ഞു.

“അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല വല്യപ്പാ.. എന്തെങ്കിലും ചെയ്യണം.”

“നിനക്ക് എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ? നീ കണക്കെല്ലാം എഴുതിവയ്ച്ചോ. കൈ അനക്കാറായാല്‍ ഞാന്‍ അന്നുതന്നെ പലിശയടക്കം തിരിച്ചുതരാം.” ഞാന്‍ ചോദിച്ചു.

“എന്‍റെ കയ്യില്‍ ഒന്നുമില്ല വല്യാപ്പാ.. ഒരു ഇരുപതിനായിരത്തോളം രൂപ എനിക്ക് ഇപ്പോള്‍തന്നെ ചിലവായിട്ടുണ്ട്. ഇനി..” അവന്‍ മുഴുമിപ്പിച്ചില്ല.

“പൈസയ്ക്കിനി ഞാനെന്തുചെയ്യും?” ഞാന്‍ ആലോചിച്ചു.

“വീട്ടില്‍ ഒരു മാലയും മോതിരവും ഇരിക്കുന്നുണ്ട്. വീടിന്റെ താക്കോല്‍ ആ പെന്തക്കോസ്തുകാരുടെ കയ്യിലുണ്ട്. തല്ക്കാലം നീയതു പണയം വയ്ക്ക്. അല്ലാതെ ഇപ്പൊ ഞാനെന്തു ചെയ്യാനാ..” എന്നുപറഞ്ഞു അവനെ വീട്ടിലേക്കയച്ചു.

ഉച്ചയായി, വൈകുന്നേരമായി, രാത്രിയായി.. റെജി വന്നില്ല. രാത്രി നേഴ്സ് വന്നു പറഞ്ഞു: “ആറായിരം രൂപ നിങ്ങള്‍ ആശുപത്രിയില്‍ അടയ്ക്കാനുണ്ട്. നിങ്ങളുടെ കൂടെ നിന്ന ആളെ വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. നാളെത്തന്നെ പൈസ അടച്ചില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.”

“റെജി. അവന്‍ പൈസ കൊണ്ടുവരാന്‍ പോയതാണ് സിസ്റ്റര്‍, അവന്‍ വരുമ്പോള്‍ അപ്പോള്‍ത്തന്നെ അടച്ചേക്കാം.” അത്രയൊന്നും പ്രതീക്ഷയില്ലെങ്കിലും ഞാന്‍ പറഞ്ഞു.

അടുത്ത ദിവസം ഉച്ചയായി. നേഴ്സ് വീണ്ടും വന്നു. പൈസ ബാങ്കിലുണ്ടെന്നും കൈ ശരിയായാല്‍ ഉടനെ തിരിച്ചുതരാമെന്നുമെല്ലാം ഞാന്‍ പറഞ്ഞുനോക്കി.

“പൈസ കെട്ടിയിട്ടില്ല. കൂടെ നില്ക്കാന്‍ ആളില്ല. ഒരു ദിവസം കൂടെ ഞങ്ങള്‍ നോക്കും. നിങ്ങള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഏതെങ്കിലും ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കൊണ്ടാക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല.” നേഴ്സ് ഒന്ന് നിര്‍ത്തിയിട്ടു ചോദിച്ചു. “വേണ്ടപ്പെട്ട ആരുടെയെങ്കിലും ഫോണ്‍ നംബര്‍ ഉണ്ടോ നിങ്ങളുടെ കയ്യില്‍? ഞങ്ങള്‍ വിളിച്ചു തരാം.”

“ആരെ വിളിക്കാന്‍? ആരുമില്ല സിസ്റ്റര്‍. നന്ദി.”

“ആദ്യം മനുഷ്യരെപ്പോലെ വര്‍ത്തമാനം പറയാന്‍ പഠിക്കണം, അപ്പോള്‍ എല്ലാവരുമുണ്ടാവും.” തിരികെ നടക്കുമ്പോള്‍ നേഴ്സ് പിറുപിറുത്തു.

അത് കേട്ടപ്പോള്‍ എനിക്കൊരു പുഞ്ചിരിയാണ് വന്നത്. അത്ര മധുരമായി ഞാന്‍ എന്‍റെ ജീവിതത്തില്‍ ആരോടെങ്കിലും സംസാരിച്ചതായി എനിക്ക് ഓര്‍മ്മയില്ല, എന്‍റെ ശബ്ദത്തിന്റെ സഹജമായ പരുപരുക്കമില്ലാതെ, തണുത്ത ഒരു ശബ്ദത്തില്‍....................

അതുകഴിഞ്ഞുണ്ടായ 24 മണിക്കൂറുകള്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ മണിക്കൂറുകളായിരുന്നു. ഓരോ സെക്കന്‍റും ഞാന്‍ അറിഞ്ഞു. എന്നെ തേടി ആരെങ്കിലും വന്നിരുന്നെങ്കിലെന്നോര്‍ത്തു കണ്ണും നട്ട്..

ഞാന്‍ ആലോചിച്ചു, എന്‍റെ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാരനെന്ന്. റെജിയാണോ? അല്ല. അവന്റെ കടങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ അവന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഗള്‍ഫില്‍ കിടക്കുന്ന, പൈസ അയക്കാത്ത, ഒന്ന് കാണാന്‍ പോലും കൂട്ടാക്കാത്ത ഭര്‍ത്താവിനെ ഉപേക്ഷിച്ചു പ്രായത്തിന്‍റെ ചാപല്യത്തില്‍ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ ഭാര്യയെ കുറ്റക്കാരിയെന്ന് വിളിക്കാന്‍ പറ്റുമോ? ഇല്ല. റെജി പറഞ്ഞ കഥകള്‍ വിശ്വസിച്ച ബന്ധുക്കലാണോ കുറ്റക്കാര്‍? അല്ല. കഷ്ടപ്പെട്ട് ജീവിക്കുന്നതിന്നിടയില്‍ തന്‍റെ അശ്രദ്ധ കൊണ്ടാണെങ്കില്‍ പോലും അപകടം പറ്റിയൊരാളോട് നല്ല ശമരിയാക്കാരനെപ്പോലെ  ഇത്രയൊക്കെ കരുണ കാണിച്ച അബൂബക്കറും കുറ്റക്കാരനല്ല.  പൈസ കിട്ടതെയായിട്ടും ഇത്രടം ക്ഷമിച്ച ആശുപത്രിക്കാരെയും ഒന്നും പറയാന്‍ പറ്റില്ല. 

ആരും തന്നെ കുറ്റക്കാരല്ല. 

പക്ഷെ, എത്ര ആലോചിച്ചിട്ടും ഒരു ചോദ്യതിനുമാത്രം എനിക്ക് ഉത്തരം കിട്ടിയില്ല: ഇതെല്ലം അനുഭവിക്കാന്‍ ഞാനെന്തു പിഴച്ചു?


ഇപ്പോള്‍ ഞാന്‍ തിരുവല്ല ഗവണ്മെന്‍റ് ആശുപത്രിയുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള വരാന്തയിലാണ്. രണ്ടുമണിക്കൂര്‍ മുന്‍പ് ആശുപത്രിക്കാര്‍ ഒരാമ്പുലന്‍സില്‍ എന്നെ ഇവിടെ കൊണ്ടാക്കി. വാര്‍ഡില്‍ തീരെ സ്ഥലമില്ല. വരാന്തയില്‍ എന്നെപ്പോലെ ഇനിയും വേറെ രോഗികളുണ്ട്. ഞങ്ങള്‍ ഇവിടെ കുറേപേരുണ്ട്..

എനിക്ക് വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടുന്നു. കുറെ നേരമായി അതും സഹിച്ചു ഞാന്‍ കിടക്കുകയാണ്. വരാന്തയുടെ ഒരെറ്റത്ത് ഒരു യൂറിന്‍ ബോട്ടില്‍ ഇരിക്കുന്നുണ്ട്. ആരെങ്കിലും അതൊന്നു എടുത്തു തന്നിരുന്നെങ്കില്‍..

എന്‍റെ അരികിലൂടെ ഒരു കുട്ടി പോയി. അവനോട് ബോട്ടില്‍ ഒന്ന് എടുത്തുതരാമോ എന്ന് ഞാന്‍ ചോദിച്ചു. യാതൊരു മടിയും കൂടാതെ, നുര്സുമാരുടെ മുഖത്തുണ്ടായിരുന്ന അറപ്പില്ലാതെ, പഴകി പഴകി മഞ്ഞനിറമായ ആ ബോട്ടിലില്‍ എന്‍റെ മൂത്രവും നിറച്ച്, വാര്‍ഡിനടുത്തുള്ള കക്കൂസില്‍ പോയി ഒഴിച്ച് കളഞ്ഞു.
സഹതാപമോ, വല്ലയ്കയോ ഒന്നുമില്ലായിരുന്നു അവന്‍റെ മുഖത്ത്. ഒരു ചിരി. ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തിളക്കമുള്ള ഒരു പുഞ്ചിരി.. യാതൊരു ബന്ധവുമില്ലാത്ത, എവിടെനിന്നോ വന്ന ഒരു പയ്യന്‍റെ പുഞ്ചിരി.. പ്രസാദമുള്ള ഒരു മന്ദഹാസം..

ഇവിടെ എത്തിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ, എന്‍റെ സ്വത്തുക്കളെല്ലാം ഏതെങ്കിലും അനാഥാലയത്തിന് എഴുതിവച്ചിട്ട് ഞാന്‍ ഒരു കുപ്പി വിഷം വാങ്ങുമായിരുന്നു.

ഞാന്‍ ഇവിടെ കിടന്ന് മരിച്ചുപോവില്ല എന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പാണ്. അടുത്തുവന്ന് എന്താണ് പറ്റിയതെന്ന് ചോദിക്കുന്ന അനേകം മുഖങ്ങളിലുള്ള ഉറപ്പ്.

 ഇനിയൊരുപക്ഷേ..., അല്ല, ഇനിഎന്നെ നിങ്ങള്‍ക്ക് ഇവിടെ കാണാം. മറ്റൊരു പുഞ്ചിരിക്കുന്ന മുഖവുമായി..2 comments:

  1. വളരെ നല്ല ഒരു കഥ വായിച്ച അനുഭവം. ഇതൊരു പുതുവല്‍സര സമ്മാനമായി കരുതുന്നു. ചില അക്ഷരത്തെറ്റുകള്‍ കണ്ടു. തിരുത്തുമല്ലോ.

    ReplyDelete
    Replies
    1. നന്ദി,ഉദയപ്രഭന്‍..,

      Delete