Saturday, November 1, 2014

മറക്കാന്‍ വേണ്ടി മൂന്ന് ഓര്‍മ്മകള്‍!1.ദോശ

ഓര്‍മ്മകള്‍ രവിയേട്ടന്‍റെ കടയിലെ ദോശ പോലെയാണ്.

എന്നോ വെള്ളത്തിലിട്ടുവച്ച അരിയുടേയും ഉഴുന്നിന്‍റെയും

പുളിച്ച തിരുശേഷിപ്പുകള്‍.


പുളിച്ച് പുളിച്ച്, പൊങ്ങി പൊങ്ങി, തികെട്ടാറാവുമ്പോള്‍

പൊള്ളി കിടക്കുന്ന അനുഭവങ്ങളുടെ മുകളില്‍ ഓര്‍മ്മകള്‍ കോരി ഒഴിക്കും.

അപ്പോള്‍ അതിന്‍റെ പുളി കെട്ട്, ഉണങ്ങി വലിഞ്ഞ്, നോവാന്‍ തുടങ്ങും.ഇനിയും മനസ്സിന്‍റെ കല്ലില്‍ കിടത്താന്‍ വയ്യാതവുമ്പോള്‍

കടയില്‍ വിശന്ന വയറുമായി വന്നിരിക്കുന്ന ആരുടെയെങ്കിലും

കിണ്ണത്തിലേക്ക് അത് ഇറക്കി വയ്ക്കും.ഉപ്പ് കൂടിപ്പോയി എന്നോ,

തുളകളുടെ എണ്ണം കുറഞ്ഞു എന്നോ,

കഴിക്കുന്നവര്‍ അഭിപ്രായം പറയും.


എല്ലാവര്‍ക്കും വിളമ്പി, പാത്രമൊഴിയുമ്പോള്‍,

കല്ല്‌ അല്‍പ്പം തണുക്കും!


2. കപ്പ

മറ്റൊരുതരം ഓര്‍മ്മകള്‍ പറമ്പിലെ മരച്ചീനി കണക്കാണ്.

ചിലതിനു കൈപ്പായിരുക്കും,

ചിലത് മധുരിക്കും.

വേറെ ചിലതാവട്ടെ, മധുരിച്ചിട്ട് തുപ്പാനും

കൈച്ചിട്ടു ഇറക്കാനും വയ്യ.


എങ്കിലും കുറെയൊക്കെ നമ്മള്‍ വെയിലത്തിട്ട്‌ ഉണക്കി വയ്ക്കും.

വരാനിരിക്കുന്ന ഏതോ മഴക്കലത്തെ,

ഏതൊക്കെയോ വൈകുന്നേരങ്ങളില്‍ ,

രണ്ട് കാ‍ന്താരി പൊട്ടിച്ചു,

മുക്കി നാവില്‍ വയ്ക്കാന്‍!


3. നീലി

ഓര്‍മ്മകള്‍, പണ്ടേക്കു പണ്ടേ മരിച്ച അനുഭവങ്ങളുടെ

ഇന്നും വേട്ടയാടുന്ന പ്രേതങ്ങളാകുന്നു!


നീട്ടിയ കോമ്പല്ലുകൊണ്ട് ജീവിതത്തിന്‍റെ ചുടുചോര

ഈമ്പിക്കുടിച്ചു ജീവിക്കുന്ന

രക്ത രക്ഷസ്സുകള്‍!


ഓട്ട വീണ പാത്രത്തിലെ വെള്ളം പോലെ,

അവയുടെ കോമ്പല്ലാഴ്ത്തിയ സുഷിരങ്ങളില്‍ നിന്ന്

ജീവിതം ഒലിച്ചു പോവുന്നത് കണ്ട് അവ ചിരിക്കുന്നുണ്ടാവണം.


 സൂര്യനെ മുക്കി കൊന്നതിനുശേഷമുള്ള സന്ധ്യകളിലും,

അര്‍ദ്ധരാത്രി പന്ത്രണ്ടു മണികളിലും,

നിലാവുകോരിയൊഴിച്ച വെള്ളിയാഴ്ചകളിലും,


വെള്ള സാരിയുടുത്ത്, പനങ്കുല അഴിച്ചിട്ട്,

ആകാശത്തിലേക്ക് കൈകള്‍ നീട്ടിയ ഏഴിലം പാലക്കരികില്‍

ചുണ്ണാമ്പ് ചോദിച്ച് നില്‍ക്കുന്ന കള്ളിയങ്കാട്ടു നീലികള്‍, വിഷാദഹാരികള്‍!


4. മറവി

മറവി ഒരു അനുഗ്രഹമാണെന്ന് ആരോ,

മറവി ശൂന്യതയാണെന്ന് മാറ്റൊലി.

ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലെ

ചെറിയൊരിടത്തില്‍ ബോധം എന്നെ തേടുന്നു..


ഓര്‍മ്മകള്‍ വെട്ടി മൂടിയ ശവക്കുഴിക്കു മുകളില്‍ -

കനം വെച്ചു നിന്ന ശൂന്യതയില്‍, ഒരിക്കല്‍-

മുക്കി കൊന്നതാണ് ഞാന്‍ എന്നെത്തന്നെ.


ഓര്‍മ്മകളെ കൊന്നിട്ട്, വിസ്മൃതിയില്‍ തേടുന്നു ഞാന്‍,

പണ്ടെന്നോ മറന്നുപോയോരെന്‍ ഓര്‍മ്മകളെ...

കാവിലെ പൂരത്തിന് കൂട്ടം തെറ്റിപ്പോയ എന്നെത്തന്നെ.

  

5 comments:

 1. ദോശയും, കപ്പയും കൊള്ളാം . ദോശ എന്ന് കേട്ടാലാദ്യം ഓര്‍മ്മ വരിക പണ്ട് നഴ്സറിയില്‍ പഠിച്ച പാട്ടും , പിന്നെ പ്രദീപ്‌ നന്ദനന്‍ ചേട്ടന്‍റെ ബ്ലോഗുമാണ്‌ . കപ്പ കാന്താരിയുമായി മുക്കി കഴിക്കുന്നതിന്‍റെ സുഖമൊന്നു വേറെ തന്നെയാണ് സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 2. മൂന്ന് ഓർമ്മകളും നന്നായിരിക്കുന്നു. ദോശയോർമ്മയാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത്.പിന്നെ കപ്പയോർമ്മ.
  ആശംസകൾ...

  ReplyDelete
 3. എല്ലാമോര്‍മ്മകള്‍

  ReplyDelete
 4. മറക്കാൻ വേണ്ടിയുള്ള ഓർമ്മകൾക്ക് ദോശയുടെ പുളിയും കപ്പയുടെ സ്വാദും
  നല്ലോണം ഉണ്ട്...കൊള്ളാം....
  ഭാവുകങ്ങൾ നേരുന്നു...

  ReplyDelete