Sunday, July 9, 2017

ഹരികഥ

                       
ഹരി. 

എന്തിനു വേണ്ടിയാണ് അയാളെ അന്വേഷിച്ച് തുടങ്ങിയത് എന്ന് ചോദിച്ചാല്‍, അങ്ങിനെ കൃത്യമായ ഒരു മറുപടി പറയാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

തുടക്കമോര്‍മിക്കാനാവാത്ത സിനിമാപ്പാട്ടിലെ ഒരു വരി  പോലെ, നാവിന്‍റെ തുമ്പിലിരിക്കുന്ന ഉത്തരം പോലെ, ഇപ്പോള്‍ എനിക്ക് പിടിതരാത്ത ഒന്ന്. അത് മാത്രമാണ് ഹരി എന്ന ഈ സൂചകം.

ഒരു പേര്. അതിലായിരുന്നു തുടക്കം- ഹരിപ്രസാദ്. ആളെ എനിക്ക് അടുത്ത് പരിചയമുണ്ട്. പക്ഷെ എവിടെ നിന്നെന്നോ എങ്ങിനെയെന്നോ ചോദിക്കരുത്. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അടുത്തേക്ക് ചെല്ലുന്തോറും അകന്നുപൊയ്ക്കൊണ്ടിരുക്കുന്ന അമ്പിളിയെപ്പോലെ, ഇരുളിലെ ഒരു നിഴലുപോലെ, എനിക്ക് അയാളെ അറിയാം. ഒരു തുള്ളി വെളിച്ചത്തിന് പുറത്തേക്കു വലിച്ചിടുവാന്‍ പാകത്തില്‍ അയാളെന്‍റെ തലോച്ചോറിലെ മടക്കുകള്‍ക്കുള്ളില്‍ ഒളിച്ചുകളി നടത്തുകയാണ്.

എനിക്കൊരു ദിവസം കൂടി സമയം തരൂ.. ഞാന്‍ അയാളെ ഓര്‍ത്തെടുക്കാം. ഇപ്പോള്‍ എന്റെ തല വല്ലാതെ വേദനിക്കുന്നുണ്ട്. നിറുകം തലയില്‍ ആരോ കല്ല്‌ വച്ചു കെട്ടിയപോലെ അത് വിങ്ങുകയാണ്. എനിക്കിപ്പോള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. എനിക്ക് കുറച്ചു സമയം തരു... ഒരു ദിവസം? ഒരു ദിവസം ക്ഷമിക്കാമോ നിങ്ങള്‍ക്ക്? ഹരിപ്രസാദിനെ ഞാന്‍ കയ്യോടെ പിടിച്ചു നിങ്ങളുടെ മുന്‍പില്‍ കൊണ്ടുവരാം. എന്‍റെ പിറകെ നടന്നു ഇങ്ങനെ ശല്യം ചെയ്യാതെ എനിക്ക് കുറച്ചു സ്വസ്ഥത തരണം നിങ്ങള്‍.

ഞാന്‍ പറഞ്ഞില്ലേ ഹരിപ്രസാദിനെ കണ്ടുപിടിച്ചു തരാമെന്ന്‍.. പിന്നെന്തിനാണ് നിങ്ങള്‍ എന്നെ ഇങ്ങനെ പുഷ് ചെയ്യുന്നത്? എന്‍റെ facebook ഇല്‍.. അല്ലെങ്കില്‍  പഴയ സ്കൂള്‍ മാഗസീനില്ലോ, ക്ലാസ്സ്‌ ഫോട്ടോകളിലോ, എന്‍റെ കയ്യിലുള്ള ആ പഴയ അഡ്രസ്‌ ബുക്കിലോ അവന്‍റെ പേരുണ്ടാവും. അതൊന്നു കണ്ടുപിടിച്ചാല്‍ ആ നിമിഷം ഞാന്‍ നിങ്ങള്‍ക്ക് അവന്‍റെ ഗ്രഹനിലയടക്കം പറഞ്ഞു തരാം. ഞാന്‍ പറഞ്ഞല്ലോ, അവനെ പറ്റി എനിക്ക് അറിയാമെന്ന്... നേര്‍ത്ത പട്ടിട്ടു മൂടിവചിരിക്കുന്ന ശിലാഫലകം പോലെ, മറവിയുടെ ആ തുണിക്കീറൊന്നു മാറിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഹരിപ്രസാദ് എന്ന മനുഷ്യനെ.. വിക്കീപ്പീടിയലെ ജീവച്ചരിത്രത്താളിലുള്ളത് പോലെ എല്ലാ വിവരങ്ങളും തരാം. 

പക്ഷെ അത് വരേയ്ക്കും നിങ്ങള്‍ ഇങ്ങനെ ചോദിച്ച് എന്നെ ശ്വാസം മുട്ടിക്കരുത്. എനിക്ക് കുറച്ചു സാവകാശം വേണം. എനിക്ക് ഒന്ന് ഓര്‍ത്തെടുക്കാനുള്ള ഒരു സ്പേസ് തരണം.

ഏതായാലും എനിക്ക് ഓള്‍സൈമെര്‍സ് ഒന്നും ഇല്ലല്ലോ. അങ്ങിനെയെങ്കില്‍ ഇപ്പോഴുള്ള ഓര്‍മ്മകളെല്ലാം നശിച്ച് മോഹന്‍ലാലിന്‍റെ തന്മാത്രയിലെ പോലെ പഴയ കാമുകിയും  ഓര്‍ത്തു നടന്നേനെ. വലിയ പൊതു വിജ്ഞാനമൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ പേരും പ്രധാനമന്ത്രിയുടെ പേരുമെല്ലാം എനിക്ക് ഓര്‍മ്മയുണ്ട്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നത്, ഉമ്മന്‍ ചാണ്ടി മന്ത്രിസഭ- സോളാര്‍ കേസ് ന്‍റെ നാള്‍വഴി ചോദിക്ക്, കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നെ പറ്റി ചോദിക്കൂ. ഞാന്‍ പറയാം. അതിനും മുന്‍പത്തെ വാര്‍ത്തകള്‍.. ധോണി ലോര്‍ഡ്സില്‍ പോയി ടെസ്റ്റ്‌ ജയിച്ചത്‌.. നാല് MLA മാരെയും വച്ച്‌ ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ഉണ്ടാക്കിയത്.. മൂന്നാര്‍ ഒഴിപ്പിക്കല്‍, സച്ചിന്‍ വിരമിച്ചത്.. അങ്ങിനെ തുടങ്ങി എന്‍റെ പത്താം ക്ലാസ്സിലെയും എട്ടാം ക്ലാസ്സിലെയും ടീച്ചര്‍മാരുടെ പേരും അവര്‍ പഠിപ്പിച്ചിരുന്നു വിഷയങ്ങളും വരെ ഞാന്‍ പറഞ്ഞു തരാം. എന്‍റെ കൂടെ ഒന്നിലും രണ്ടിലുമൊക്കെ പഠിച്ച കുട്ടികളുടെ പേരുപോലും എനിക്ക് ഓര്‍മ്മയുണ്ട്.

പക്ഷെ ഈ ഹരിപ്രസാദ്, അയാളെ എനിക്കറിയാം- പക്ഷെ പറയാന്‍ കിട്ടുന്നില്ല. നിങ്ങള്‍ വിശ്വസിക്കണം. നമ്മള്‍ കണ്ടിട്ടുള്ള ഏതോ ഒരു സിനിമയുടെ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് അതിന്റെ കഥ ഓര്‍മ്മിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ നമുക്ക് ആ പേര് വച്ചു ഉറപ്പുണ്ട്, നമ്മള്‍ അത് കണ്ടിട്ടുള്ളതാണെന്ന്‍. അതുപോലെ ആണ് ഇതും. ചിലപ്പോള്‍ കുറച്ചു സമയം എടുത്തേക്കും. എങ്കിലും അയാള്‍ക്ക്‌ എന്നില്‍ നിന്നും അധികം ഒളിഞ്ഞിരിക്കുവാനാവില്ല.  എന്‍റെ ഓര്‍മ്മശക്തി അത്ര മോശമൊന്നുമല്ല. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്വിസ്സിനു എനിക്ക് ഒന്നാം സമ്മാനം കിട്ടിയത് ഓര്‍ക്കുന്നില്ലേ? സ്കൂളില്‍ ഫസ്റ്റ് ഒന്നും ആയിരുന്നില്ലെങ്കിലും മോശമല്ലാതെ ഞാന്‍ പഠിക്കുമായിരുന്നു. അതുകൊണ്ട് എന്നെ വിശ്വസിക്കുക. കുറച്ചു സമയം എന്നെ വെറുതെ വിട്ടാല്‍ ഞാന്‍ ഓര്‍ത്തെടുത്തു തരാം. ഏ..?


                       *_*_*_*


അയാളോട് ഹരിപ്രസാദിനെ പറ്റി ചോദിക്കുമ്പോഴൊക്കെ  അയാള്‍ ഒഴിഞ്ഞു മാറുകയാണ്. ഒരുപക്ഷെ അയാള്‍ക്ക്‌ സത്യമായിട്ടും ഓര്‍ത്തെടുക്കാന്‍ കഴിയാത്തത് തന്നെ ആവും. അല്ലെങ്കില്‍ അയാള്‍ക്ക്‌ അറിയില്ലായിരിക്കുo. അയാള്‍ക്കു കൂടി ഹരിപ്രസടിനെ അറിയില്ലെങ്കില്‍ പിന്നെ എവിടെ പോയി അന്വേഷിക്കാനാണ്? ഇയാളെ തന്നെ കണ്ടുപിടിക്കാന്‍ പെട്ട പണി ചില്ലറയൊന്നുമല്ല. എങ്കിലും അന്വേഷണം പാതിവഴിയിലാക്കി തിരിച്ചു പോവാനും കഴിയില്ല. ഹരിപ്രസാദിന്‍റെ അമ്മയെ അങ്ങനെ മറക്കാന്‍ കഴിയുമോ? രണ്ടുമൂന്നു വര്‍ഷം അവര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്, സ്കൂളില്‍. മാത്രമല്ല, എന്‍റെ ഭാര്യവീടാണെങ്കില്‍ അവരുടെ വീടിന്‍റെ അടുത്തും.

അല്ലെങ്കില്‍ ഈ മാരണത്തില്‍ ചെന്ന് പെടില്ലായിരുന്നു. ഈ പ്രാവശ്യം ലീവിനു നാട്ടില്‍ പോയപ്പോളാണ് സംഭവം. ലെനി- എന്റെ ഭാര്യ- അവളുടെ വീട്ടില്‍ വിരുന്നിനു പോയതാണ് രണ്ടു ദിവസം.  യാദ്രശ്ചികമായാണ് ടീച്ചറെ കാണുന്നത്. പറഞ്ഞു  വന്നപ്പോള്‍ ദുബായിയില്‍ ആണ് ജോലി എന്നും ലീവിനു വന്നതാണെന്നുമൊക്കെ പറഞ്ഞു.

ടീച്ചറുടെ ഭര്‍ത്താവ് മരിച്ചുപോയി. ഏഴെട്ടു വര്‍ഷമായി ഒറ്റക്കാണ് താമസം; ടീച്ചര്‍ പറഞ്ഞു.

“അപ്പൊ മക്കളൊക്കെ?” വെറുതെ ഒരു ഔപചാരികതയായി ചോദിച്ചതാണ്.

“ഒരു മകനേ ഉള്ളു. ദുബായിയില്‍ ആയിരുന്നു അവനും ജോലി. ഇപ്പൊ..”
ടീച്ചറിന്റെ ശബ്ദം അപ്പോഴേക്കും ഇടറി. “അവന്‍ ഇപ്പൊ എവിടാണെന്ന് അറിയില്ല.” ടീച്ചര്‍ സാരിത്തുമ്പ്  പിടിച്ചെടുത്ത് കണ്ണുതുടച്ചു .

“അതെന്തു പറ്റി?”

അച്ഛനെയും അമ്മയെയും ഒക്കെ ഓള്‍ഡ്‌ ഏജ് ഹോമില്‍ കൊണ്ടാക്കുന്ന പുതു തലമുറയിലെ പിള്ളേരുടെ കാര്യമൊക്കെ ഞാന്‍ ഓര്‍ത്തു പോയി. കഷ്ടപ്പെട്ട് പിള്ളേരെ ഒക്കെ പഠിപ്പിച്ചിട്ടു അവസാനം ഇവന്മാര്‍ അപ്പനേം അമ്മയേം ഉപേക്ഷിച്ചു ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ വല്ല മദാമ്മയേയും കെട്ടി ജീവിക്കുണ്ടാവും. അല്ലെങ്കില്‍ കള്ളുo കുടിച്ചു പെണ്ണും പിടിച്ചു നടന്നിട്ട് അവസാനം ക്രെഡിറ്റ്‌ കാര്‍ഡില്‍ പൈസ അടയ്ക്കാന്‍ പറ്റാതെ ജയിലിനകത്തായിക്കാണും. ദുബായില്‍ ഒക്കെ ഇങ്ങനെ സംഭവിച്ചാല്‍ പിന്നെ വേറൊന്നും സംശയിക്കാനില്ല.

“എന്‍റെ മകന്‍ പാവമാണ്. എല്ലാവരും പറയുന്നതുപോലെ പറയുന്നതല്ല. അവന്‍ എന്നെ ഫോണ്‍ വിളിച്ചു കരയാറുണ്ടായിരുന്നു- കുഞ്ഞു കുട്ടികളെ പോലെ. എല്ലാ കാര്യങ്ങളും എന്നോട് പറയും. അവനു ഒരു കുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷെ അവള്‍ക്കു അങ്ങിനെയൊന്നുമുണ്ടായിരുന്നില്ല., അതാണ്‌ തുടക്കം. അത് അവനു വല്ലാത്ത വിഷമമായി. അല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. കള്ള് കുടിക്കുകയോ പുകവലിക്കുകയോ ഒന്നുമില്ല. എല്ലാവരോടും നന്നായി പെരുമാറും. അവനെ പറ്റി ഇതുവരെ ആരും ഒരു മോശവും പറഞ്ഞു കേട്ടിട്ടില്ല. അഞ്ചോ ആറോ വയസ്സുള്ള കുഞ്ഞു കുട്ടിയുടെ മനസ്സാണ് എന്‍റെ കുട്ടിയുടേതും.. “

കരച്ചില്‍ സ്വയം നിയന്ത്രിച്ച് ടീച്ചര്‍ പറഞ്ഞു വരികയായിരുന്നു ;

“പക്ഷെ... ഇപ്പൊ മൂന്നുമാസമായി വിവരമൊന്നുമില്ല..” എന്ന് പറഞ്ഞതും വീണ്ടും കരയാന്‍ തുടങ്ങി.

ഇതിന്‍റെയൊക്കെ പുറകില്‍ നടക്കാന്‍ സമയവും താല്പര്യമൊന്നും ഉണ്ടായിട്ടല്ല. ടീച്ചര്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എങ്ങിനെയാണ് ഒന്ന് അന്വേഷിക്കാതിരിക്കാന്‍ പറ്റുക?

ദുബായില്‍ എത്തിയിട്ട് ഞാന്‍ അന്വേഷിക്കാം എന്ന് പറഞ്ഞു അവരോട്. ഇന്ത്യന്‍ എമ്പസ്സിയോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചില മലയാളി സംഘടനകള്‍ ഒക്കെ ഉണ്ട്. അവരോടു അന്വേഷിച്ചാല്‍ എന്തെങ്കിലുമൊക്കെ ഗവണ്‍ന്മേന്‍റ് ലെവലില്‍ ചെയ്യാന്‍ കഴിഞ്ഞേക്കും.

പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും അറിയാന്‍ സാധിച്ചില്ല.

ആള് ദുബായില്‍ തന്നെ ഉണ്ട്. ജോലിസ്ഥലത്ത് എത്തിയിട്ട് ഇപ്പൊ രണ്ട് മാസമായി എന്ന് അറിയാന്‍ കഴിഞ്ഞു. മെഡിക്കല്‍ ലീവ് ആണ്. ജയിലില്‍ ഒന്നും ആയിട്ടില്ല. ഭാഗ്യം!

ഇവിടെ എവിടെയോ ഉണ്ട്. ഒന്ന് അന്വേഷിച്ചാല്‍ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ..

                        *-*-*

അയാളുടെ ഫ്ലാറ്റിന്‍റെ അഡ്രസ്സ് കിട്ടിയിടത്ത് ഇപ്പോള്‍ കുറെ ബാച്ചിലേഴ്സ് ആണ്. അവര്‍ക്ക് കാര്യമായി വിവരമൊന്നുമില്ല. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞാണ് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈ ബില്‍ഡിംഗിനെ പറ്റി അറിയുന്നത്. അങ്ങിനെയാണ് പോലീസില്‍ പരാതിപ്പെടുന്നതിനുമുമ്പ് ഒരു അവസാന ശ്രമം  എന്ന നിലയില്‍ ഈ  ഫ്ലാറ്റിന്റെ വാതിലില്‍ മുട്ടുന്നത്.

ചുരുണ്ട മുടിയും കുറ്റിത്താടിയുമുള്ള ഒരാള്‍ വാതില്‍ തുറന്നു. അയാളുടെ തടിച്ച ചുണ്ടുകള്‍ക്കിടയില്‍ ഒരു സിഗരറ്റ് എരിയുന്നു. ത്രീ ഫോര്‍ത്ത് ഖാഖിയും ടീ ഷര്‍ട്ടും ആണ് അയാള്‍ ഇട്ടിരുന്നതെങ്കിലും മലയാളി ആണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

“ഉം..??” ചോദ്യഭാവത്തില്‍ അയാള്‍ അയാളുടെ ചെറിയ കണ്ണുകള്‍ കൊണ്ടെന്നെ നോക്കി.

“ഹരിപ്രസാദ്...? ” ഞാന്‍ റൂമിന്‍റെ ഉള്ളിലേക്ക് എത്തിനോക്കിക്കൊണ്ട് അയാളോട് ചോദിച്ചു.

“ഹരിപ്രസാദോ? ഏതു ഹരിപ്രസാദ്? അങ്ങിനെയൊരാള്‍ ഇവിടെ താമസിക്കുന്നില്ല.” അല്‍പ്പം പരുഷമായാണ് അയാള്‍ പറഞ്ഞത്. 

“ഓ.. സോറി!” ഞാന്‍ പറഞ്ഞു, “ഈ ഫ്ലാറ്റില്‍ ഏതോ റൂമിലാണ് താമസം എന്ന് മാത്രമേ അറിയൂ. രണ്ടുമൂന്നു പേരോട് ചോദിച്ചപ്പോള്‍ ഇവിടെ ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു.. Disturb ആയെങ്കില്‍ സോറി.
കാറിന്‍റെ ചാവിയില്‍ വിരലമര്‍ത്തി ജാള്യതയെ കൊന്നുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.

“ഏയ്..” ഒരു കൈ കൊണ്ട് വാതില്‍ അടയാതെ പിടിച്ചു കൊറിടോറിലേക്ക് നീങ്ങി നിന്നുകൊണ്ട് അയാള്‍ എന്നെ തിരിച്ചു വിളിച്ചു. 

“ഹരിപ്രസാദ് – ഞാന്‍ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു. ഇപ്പൊ പക്ഷെ ഓര്‍മ്മ കിട്ടുന്നില്ല. എന്താ കാര്യം? “

”അത്... രണ്ടുമാസമായി അയാളെ കാണാനില്ല. ഒന്ന് അന്വേഷിച്ചു എന്നേ ഉള്ളൂ..”

“ഓ.. നിങ്ങള്‍ അയാളുടെ? “

“ഞാന്‍... ഒരേ നാട്ടുകാര്‍ ആണ്.”

“നല്ല പരിചയമുള്ള പേരാണ്. ഇപ്പൊ ഓര്‍മ്മ കിട്ടുന്നില്ല...” ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ പറഞ്ഞു, ഏതായാലും നിങ്ങളുടെ നമ്പര്‍ തരൂ.. ഓര്‍മ്മ കിട്ടിയാല്‍ ഞാന്‍ നിങ്ങളെ വിളിച്ചറിയിക്കാം.”

അന്ന് രാത്രി അയാള്‍ എന്നെ വിളിച്ചു. ഈ ഹരിപ്രസാദ് എങ്ങിനെ ഇരിക്കും എന്ന് ചോദിച്ചു. ടീച്ചര്‍ പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ ഞാന്‍ അയാള്‍ക്ക്‌ കൊടുത്തു. നല്ല മലയാളിത്തമുള്ള മുഖം. വെളിച്ചെണ്ണ തേച്ചു മിനുക്കിയ മുടി, പുറത്തുപോവുമ്പോള്‍ പാന്‍റ്സൊക്കെ ഇടുമെങ്കിലും മിക്കവാറും മുണ്ടും ഷര്‍ട്ടും ഒക്കെയാണ് ഇഷ്ട്ട വേഷം. കഥയും കവിതയും ഒക്കെ അല്‍പ്പം കമ്പമുള്ള ഒരു പാര്‍ട്ടിയാണ്.

“ഓ.. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച ആളല്ല.” അയാള്‍ ഫോണ്‍ വച്ചു. പിന്നീട് എപ്പോള്‍ ചോദിച്ചാലും അയാള്‍ ഇങ്ങനെയാണ് പറയുന്നത്:-
എനിക്കറിയാം..., പക്ഷെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. കുറച്ചു സമയം തരണം..

                      *-*-*-             

  പരിചയക്കാരോടൊക്കെ ഒന്ന് അന്വേഷിച്ചിട്ട് പോലീസില്‍ ഒരു പരാതി കൊടുക്കാം എന്നാണ് ടീച്ചറും പറഞ്ഞിരുന്നത്. അയാള്‍ ഇനി വീട്ടുകാരുമായി പിണങ്ങി അവരെ വിളിക്കാതിരിക്കുന്നതാണോ എന്നൊന്നും അറിയില്ലല്ലോ.. നമ്മള്‍ ഇടപെട്ട് അവസാനം അത് നമ്മുടെ തലയിലാവണ്ടല്ലോ! പോരാത്തതിന് ഇയാള്‍ക്ക് അറിയാം എന്ന് പറയുന്ന സ്ഥിതിക്ക് കുറച്ചു സമയം കാത്തിരിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്ന് തോന്നി. അങ്ങിനെയാണ് രണ്ടു ദിവസം കാത്തത്.

ഇപ്പൊ വന്നുവന്ന് അയാള്‍ ഫോണ്‍ എടുക്കാത്ത സ്ഥിതിയായി. അവസാനമായി ഒന്നുകൂടി പോയി കണ്ട് അറിയുമോ ഇല്ലെന്നോ- രണ്ടിലൊന്ന് പറയാന്‍ ആവശ്യപ്പെടാം എന്ന് കരുതിയാണ് അയാളുടെ ഫ്ലാറ്റില്‍ വീണ്ടും ചെന്നത്.

ഇത്തവണ വാതില്‍ തുറക്കുമ്പോള്‍ അയാളുടെ കയ്യില്‍ ഒരു ഗ്ലാസ്സ് മദ്യം കൂടി ഉണ്ടായിരുന്നു. തുറന്ന വാതിലിലൂടെ പുറത്തേക്ക് വരുന്ന പുകയ്ക്ക്‌ കജ്ഞാവിന്‍റെ ഗന്ധം! ആള് നല്ല ഫിറ്റാണ്.

“എന്തു വേണം?” എന്നെ കണ്ടതേ ഇഷ്ടപ്പെടാത്ത മട്ടില്‍ അയാള്‍ ചോദിച്ചു.

“ഹരിപ്രസാദിന്റെ വിവരം വല്ലതും...?”

“ഹരിപ്രസാദ്, ഹരിപ്രസാദ്, ഹരിപ്രസാദ്... തനിക്ക് വേറെ പണിയൊന്നും ഇല്ലേ? വല്ല ഹൈവേ ഇലും ചത്ത്‌ കിടപ്പുണ്ടാവും! പോലീസ് കണ്ടുപിടിക്കുമ്പോള്‍ വീട്ടില്‍ എത്തിച്ചു തരും കവറിലാക്കി. അന്വേഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു..!” കയ്യിലിരുന്ന മദ്യം ഒരുവലിക്ക്‌ തീര്‍ത്തിട്ട് ആത്മഗദം എന്ന മട്ടില്‍ അയാള്‍ പറഞ്ഞു, “ഹരിപ്രസാദ്... ടു ഹെല്‍ വിത്ത് ഹിം..”

വന്നതേ അബദ്ധം എന്നായിപ്പോയി എനിക്ക്. അയാളെ ഒന്ന്‍ തുറിച്ച് നോക്കിയിട്ട് ഞാന്‍ ലിഫ്റ്റിന്‍റെ നേരെ നടന്നു.

“ടോ ..” അയാള്‍ പിറകില്‍ നിന്ന് വിളിച്ചു..

ഗ്ലാസ്‌ എന്റെ നേരെ ഉയര്‍ത്തി അയാള്‍ ചോദിച്ചു “കൂടുന്നോ..? ജാക്ക് ഡാനിയേല്‍സ് ആണ്; നമ്പര്‍ 7 ”

“വേണ്ട”

അയാള്‍ കയ്യിലെ ആ ഗ്ലാസും കൊണ്ട് എന്‍റെ പിന്നാലെ മുറിക്ക് പുറത്തേക്ക് ഇറങ്ങി വന്നു. വാതില്‍ ശബ്ദത്തില്‍ അടഞ്ഞു.

“ഹാ .. അങ്ങിനെ അങ്ങ് പോവാതെടോ.. തന്‍റെ ഹരിപ്രസാദിനെ പറ്റി ഞാന്‍ പലരോടും ചോദിച്ചിരുന്നു. എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്. അവനു ഒരു ഹരിപ്രസാദിനെ അറിയാമായിരുന്നു. പക്ഷെ തന്‍റെ ഡിസ്ക്രിപ്ഷനില്‍ വരില്ല. ഇത് ഒരു ഒന്ന്- ഒന്നര വര്ഷം മുന്‍പാണ് - അവനു ബോംബെയില്‍ വച്ചുള്ള പരിചയം ആണ്.”

കള്ളുകുടിയന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ ഒന്ന് നിന്നു.

“അയാള്‍ എന്താണ് പറഞ്ഞത്?”

“ഹരിപ്രസാദ് എന്നൊരു പയ്യന്‍ അവിടെ JJ കോളേജില്‍ ആര്‍ട്ടിനു പഠിക്കുന്നുണ്ടായിരുന്നു. ചെക്കന്‍ ആളൊരു അയ്യോ പാവം ആയിരുന്നു. താന്‍ ഉദ്ദേശിക്കുന്ന ആളാവാന്‍ ഒരു ചാന്‍സുമില്ല.”

 “നിങ്ങള്‍ ആ ഫ്രണ്ടിന്‍റെ നമ്പര്‍ ഒന്ന് തരുമോ, ഞാന്‍ വിളിച്ചു ചോദിച്ചുകൊള്ളാം.” അയാളെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട്  ഞാന്‍ പറഞ്ഞു.

“എന്താടോ, ഞാന്‍ പറഞ്ഞാല്‍ വിശ്വാസമാവില്ലേ?“ അയാള്‍ക്ക് എന്‍റെ മതിപ്പില്ലായ്മ്മ മനസ്സിലായി എന്ന് തോന്നുന്നു. അയാള്‍ എന്നോട് കയര്‍ക്കാന്‍ തുടങ്ങി.

“വിശ്വാസമില്ലാഞ്ഞിട്ടല്ല, രണ്ടുമാസമായി മകന്‍റെ വിവരമൊന്നുമില്ലെന്ന് പറഞ്ഞു ആദി പിടിച്ചു നടക്കുന്ന ഒരു അമ്മ അവിടെയുണ്ട്. അവര്‍ക്ക് വേണ്ടിയാണ്.”

അയാള്‍ ഒന്നും മിണ്ടിയില്ല. കുറച്ചുനേരം അങ്ങിനെ നിന്നു. ഒരു സിപ് കൂടി കുടിച്ചിട്ട് പിന്നീട് അയാള്‍ റൂമിലേക്ക്‌ നടന്നു. “വാ.. നമ്പര്‍ തരാം.”
മേശപ്പുറത്തിരുന്ന അയാളുടെ ഫോണില്‍ അഭിനവ് ചുഞ്ചു എന്ന ഒരു കോണ്ടാക്റ്റ് എടുത്തിട്ട് എന്‍റെ നേരെ നീട്ടി. “ദാ..”

ഞാന്‍ ആ നമ്പര്‍ എന്‍റെ ഫോണിലേക്ക് പകര്‍ത്തുന്നതിനിടയില്‍ അയാള്‍ എന്നോട് ചോദിച്ചു, “ഹിന്ദി ഒക്കെ അറിയാമോ?”

“അത്യാവശ്യത്തിനുള്ളത് ഒക്കെ അറിയാം.

“ആ.. എങ്കില്‍ കൊണ്ടുപോയി ഒണ്ടാക്കിക്കോ..!”

ഹാളിലെ സോഫയില്‍ തലയില്‍ കയ്യും കൊടുത്തു അയാള്‍ ഇരുന്നു. പല്ലുകള്‍ കൂട്ടി ഇറുമ്പിക്കൊണ്ട് എന്തോ പുലമ്പുന്നുണ്ടായിരുന്നു അയാള്‍.

“ഹരിപ്രസാദ്.. കഴുവേറീടെ മോന്‍..”  അയാളുടെ പെരുമാറ്റം കണ്ടു പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ അവിടെ നിന്ന് ഇറങ്ങി. ഇനി ഇയാളുടെ അടുത്ത് വരികയേ വേണ്ട എന്ന് തീരുമാനിച്ചു.

                    *-*-*

വീട്ടിലേക്കു കാറോടിക്കുന്നടിനിടയില്‍ അഭിനവിനെ വിളിച്ചു..

“അഭിനവ്?

“ഹാ.. യെ കോന്‍?”

“ക്യാ ആപ് ഏക്‌ ഹരിപ്രസാദ് കോ ജാന്‍തേ ഹോ?”

എന്‍റെ മുറി ഹിന്ദി നിങ്ങള്‍ കേള്‍ക്കണ്ട എന്നതുകൊണ്ട്‌ ബാക്കി ഞാന്‍ മലയാളത്തില്‍ പറഞ്ഞുതരാം.

അഭിനവ് : “അറിയാം. JJ കോളേജില്‍ എന്റെ കൂടെ പഠിച്ചിരുന്നു..”

ഞാന്‍: “ഒരു തൃശ്ശൂര്‍ കാരന്‍? അയാളുടെ അമ്മ ടീച്ചര്‍ ആയിരുന്നു. അറിയാമോ?”

അഭിനവ്: “ഒരു മല്ലു ആണെന്നറിയാം. അല്ലാതെ പ്രോപ്പര്‍ര്‍ സ്ഥലമൊന്നും അറിയില്ല.”

ഞാന്‍: “അയാളുടെ ഒരു കാമുകി ഇല്ലേ, അവളെ പറ്റി എന്തെങ്കിലും അറിയുമോ?”

അഭിനവ്: “ആര്? ആനിനെക്കുറിച്ചോ?”

ഞാന്‍: “പേരൊന്നും അറിയില്ല. പ്രേമമായിരുന്നു എന്നേ അറിയുള്ളു..”

അഭിനവ്: “ഓ.. അതങ്ങിനെ പ്രേമമെന്നോന്നും പറയാന്‍ പറ്റില്ല. അവനു അവളോട്‌ ഉണ്ടായിരുന്നു- അസ്ഥിക്ക് പിടിച്ച പ്രേമം. പക്ഷെ അവള്‍ക്കു അങ്ങിനെയൊന്നുമില്ല. അവളുടെ നൂറുപേരില്‍ ഒരുത്തന്‍. അത്രയെ ഉള്ളു. അങ്ങിനെ റിലേഷന്‍ഷിപ്പ് ഒന്നും ആയിരുന്നില്ല.”

ഞാന്‍: “ഓ..”

അഭിനവ്: “അതൊക്കെ കൊണ്ടാണ് അവന്‍ കോളേജില്‍ നിന്ന് ഡ്രോപ്പ് ഔട്ട്‌ ആയതും ഈ കള്ളുകുടിയുo വലിയും ഒക്കെ കൂടിയതും..”

ഞാന്‍: “ഹരി കജ്ഞാവ്‌ വലിക്കുമോ? എങ്കില്‍ ഞാന്‍ അന്വേഷിക്കുന്ന ആളാവാന്‍ സാദ്യത ഇല്ല. ഹരിപ്രസാദ് ബാലചന്ദ്രന്‍ എന്നോരാളെയാണ് ഞാന്‍ അന്വേഷിക്കുന്നത്”

അഭിനവ്: “സര്‍നെയിം ഒന്നും എനിക്ക് ഓര്‍മ്മയില്ല.. നമ്പ്യാര്‍ എന്നോ ആണെന്ന് തോന്നുന്നു.”

ഞാന്‍: “അതുതന്നെ.. അതുതന്നെ.. പക്ഷെ ഹരി ഒരു പാവമാണെന്ന്..

അഭിനവ്: “അതെ, അതെ.. പാവമോക്കെയായിരുന്നു..പിന്നീട് ആനിന്‍റെ കൂടെ കൂടി ആള് ആകെ മാറിപ്പോയി.. കോളേജില്‍ തന്നെ ആരോടും മിണ്ടില്ലായിരുന്നു. ആകെ മിണ്ടുന്നത് ആനിനോട്. അവളുടെ കയ്യിലിരിപ്പിന് ആരെങ്കിലും അവളെ എന്തെങ്കിലും പറഞ്ഞാല്‍ അവരോടു പോയി അടിയുണ്ടാക്കും. എല്ലാം അവള്‍ പറയുന്ന പോലെയേ കേള്‍ക്കു.. അവള് തന്നെയാണ് കള്ള് കുടിക്കാനും കജ്ഞാവ്‌ വലിക്കാനും ഒക്കെ പഠിപ്പിച്ചത്. അവള് തേച്ചിട്ട് പോയപ്പോള്‍ പിന്നെ പറയേണ്ടല്ലോ.. മുടിയൊക്കെ നീട്ടി വളര്‍ത്തി..

ഞാന്‍: “എനിക്ക് അത്ര ഡീടെയില്‍ ആയിട്ടൊന്നും അറിയില്ലായിരുന്നു. അതൊക്കെ പോട്ടെ, അയാള്‍ ഇപ്പൊ എവിടെയുണ്ടെന്നറിയാമോ? വിളിക്കാറുണ്ടോ?”

അഭിനവ്: “വിളിക്കാന്‍ മാത്രം ഞങ്ങള്‍ വല്യ ഫ്രണ്ട്സ് ഒന്നും ആയിരുന്നില്ല. facebookല്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് കണ്ടിരുന്നു.. അന്ന് ദുബായില്‍ വന്നിട്ടുണ്ട്, കാണണം എന്നൊക്കെ പറഞ്ഞു. പിന്നെ, അവന്‍റെ കാര്യമല്ലേ, അനക്കം ഒന്നും കണ്ടില്ല.”

ഞാന്‍: “ആന്‍.. അവലെക്കുറിച്ചെന്തെങ്കിലും?”

അഭിനവ്: അവള്‍ ബോംബെയില്‍ തന്നെ ഉണ്ട്. എന്‍റെ facebook ഫ്രണ്ട് ലിസ്റ്റില്‍ നോക്ക്.. അതിലുണ്ട്. ഞാന്‍ അവളെ വിളിക്കാരൊന്നുമില്ല..”

വീട്ടിലെത്തുമ്പോഴേക്കും നന്നേ വൈകി. ടീച്ചറെ നാളെ ഒന്ന് വിളിക്കണം. അവരുടെ മനസ്സിലുള്ള മകന്‍റെ ചിത്രം എത്ര പഴകിയതാണെന്ന് ഞാന്‍ ഓര്‍ത്തു. അല്ലെങ്കിലും എല്ലാ അമ്മമാര്‍ക്കും അവരുടെ  മക്കള്‍ നല്ലവരും സന്മാര്‍ഗികളും ആയിരിക്കുമല്ലോ..

                        *-*-*

ടീച്ചറെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം എന്ന് പറഞ്ഞാല്‍ എല്ലാം പറഞ്ഞില്ല. ജോലിക്ക് ചെല്ലുന്നില്ല എന്നും ഹരിയുടെ ഫ്ലാറ്റില്‍ ഇപ്പൊ മറ്റാരോ ആണ് താമസമെന്നും പോലീസില്‍ പരാതിപ്പെടുന്നതാണ് ഇനി ആകെയുള്ള മാര്‍ഗ്ഗം എന്നും മറ്റും. ഹരിയുടെ facebook പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തിരുന്നത് കൊണ്ട് അയാളുടെ ഫോട്ടോ ഒരെണ്ണം എനിക്ക് മെയില്‍ ചെയ്തുതരാനും പറഞ്ഞു.

അപ്പോഴാണ്‌ ടീച്ചര്‍ ആഷിഖിന്‍റെ കാര്യം പറയുന്നത്. ഹരിയുടെ ചങ്ങാതിയാണ്, അജ്മാനിലാണ് ജോലി, അവനെക്കൂടി ഒന്ന് ചെന്ന് കാണണം.

“ഹരി ദുബായില്‍ ഉണ്ടായിരുന്നു. ഒരു പ്രാവശ്യം അവനെ കാണാന്‍ പോയിരുന്നു. ആള് ഒരുപാട് മാറി. മുടിയൊക്കെ നീട്ടി വളര്‍ത്തി.. ഹിമാലയത്തില്‍ പോയതിനെപ്പറ്റിയും അവിടുത്തെ സന്യാസിമാരെ കണ്ടതിനെക്കുറിച്ചും ഒക്കെ ഒരുപാട് സംസാരിച്ചു അന്ന്.. പണ്ട് കള്ളുകുടി ഉണ്ടെന്നു പറഞ്ഞാല്‍ ആ പ്രദേശത്ത് വരാത്ത മനുഷ്യനായിരുന്നു. അന്ന് കണ്ടപ്പോള്‍ ആദ്യം പറയുന്നത്, വാടാ, രണ്ടെണ്ണം അടിച്ചിട്ട് സംസാരിക്കാം എന്നാണ്! പണ്ടത്തെ ഹരിയൊന്നുമല്ല...
ആഷിഖിന് പറയാന്‍ ഒരുപാടുണ്ടായിരുന്നു.. അവന്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. ഇപ്പോള്‍ എനിക്ക് ഇതൊക്കെ കേട്ടിട്ട് ഒന്നും തോന്നാതായിരിക്കുന്നു. ഏതോ ഒരുത്തന്‍- മുഴുക്കുടിയന്‍! അച്ഛനും അമ്മയ്ക്കും പണിയുണ്ടാക്കാന്‍ ഇറങ്ങിക്കോളും..

ആഷിഖ് അപ്പോഴും നിര്‍ത്തിയിട്ടില്ല. 

“......ഞാന്‍ ഓര്‍ക്കുന്നു, സ്കൂളില്‍ പഠിക്കുമ്പോള്‍ മീറ്റിങ്ങിനു പാട്ട് പാടണമെന്നു പറഞ്ഞതിന് സ്റ്റേജില്‍ കയറിനിന്നു കരഞ്ഞ അവനാണ് ഇപ്പൊ ഗിറ്റാര്‍ ഒക്കെ വായിക്കുന്നത്.. അന്ന് പോയ ബാറിലെ വെയിട്രെസ്സുമാരായൊക്കെ നല്ല കമ്പനിയായിരുന്നു പുള്ളി, സ്ഥിരം അവിടെ ചെല്ലാരുന്ടെന്നു തോന്നുന്നു.

“ഹരിയുടെ നമ്പറില്ലേ? വിളിക്കാറുണ്ടോ ഇപ്പൊ?” ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

“ഒരെടക്ക് സ്ഥിരം വിളിക്കുമായിരുന്നു.. പിന്നെ നിന്നു. ഇപ്പോള്‍ ആ നമ്പര്‍ നിലവിലില്ല എന്ന് തോന്നുന്നു.”

ഞാന്‍ പോവാനിറങ്ങി. കാറില്‍ കയറിയപ്പോള്‍ ആഷിക്ക് പറഞ്ഞു: ”അവന്‍ എവിടെ പോവാനാ? ഇവിടെ എവിടെയെങ്കിലും ഉണ്ടാവും. അല്ലെങ്കില്‍ നാട്ടില്‍ പോയിക്കാണും. അതല്ലാതെ അവനു പോവാന്‍ വേറെ സ്ഥലങ്ങളൊന്നുമില്ല.“  

പിന്നെ ഞാന്‍ കേള്‍ക്കണം എന്ന് നിര്‍ബന്ധമല്ലാത്ത പോലെ ആഷിക്ക് പറഞ്ഞു – “എത്ര കോലം കെട്ടിയാലും ഹരി എന്നും പഴയ ഹരി തന്നെയാണ്. അവന്‍റെ ആ നിഷ്കളങ്കതയൊന്നും അവനു കളയാന്‍ പറ്റില്ല. അതുതന്നെയാണ് അവന്‍റെ ഏറ്റവും വലിയ ശാപവും.

ഹരിയെ തപ്പി ബാറില്‍ കയറി നടക്കാനൊന്നും വയ്യെന്ന് ഞാന്‍ തിരികെ ദുബായിലേക്ക് വണ്ടിയോടിക്കുമ്പോള്‍ തീരുമാനിച്ചു. എവിടെയെങ്കിലും പോവട്ടെ. ഈ കള്ളുകുടിയനെ ഒക്കെ കണ്ടുപിടിച്ചിട്ട് ഇനി എന്തു ചെയ്യാനാണ്. ആ നല്ല ടീച്ചറെ കണ്ണുനീര് കുടിപ്പിക്കാനായിട്ട്.. ഒരു നല്ല പേരുണ്ടാക്കിയെടുക്കാന്‍ ആളുകള്‍ പെടാപ്പാടു പെടുന്നു. ഇയാളാവട്ടെ, ഉള്ള പേര് നശിപ്പിക്കാന്‍ വേണ്ടി എന്തെല്ലാമാണ് ചെയ്യുന്നത്!

തിരികെ പോവുന്ന വഴിക്ക് ഷാര്‍ജയിലെ ആ ഫ്ലാറ്റില്‍ കയറി അതിന്‍റെ ഉടമസ്ഥനെ ഒന്ന് വിളിച്ചു കളയാം എന്ന് കരുതി. ഒരു കള്ളുകുടിയനെ തപ്പി മറ്റൊരു കള്ളുകുടിയന്‍റെ അടുത്ത് വീണ്ടും ചെല്ലാന്‍ ഒട്ടും താല്പര്യം ഉണ്ടായിട്ടല്ല, കണ്ട ബാറിലും കയറി നടക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ എന്ന് കരുതിയാണ്. ഹരി അവിടെ താമസിച്ചിട്ടുണ്ടെങ്കില്‍ അര്‍ബാബിന്‍റെ കയ്യില്‍ അയാളുടെ വിവരങ്ങള്‍ ഉണ്ടാവും, ഉറപ്പാണ്. അതുംകൂടി നോക്കിയിട്ട് നാളെ പോലീസില്‍ പരാതി കൊടുക്കാം, അല്ലാതെ വേറെ മാര്‍ഗമില്ല.


    *-*-*


ഇത്തവണ വാതില്‍ തുറക്കുമ്പോള്‍ അയാള്‍ ഒരു വെളുത്ത ജുബ്ബയാണ് ഇട്ടിരുന്നത്. കുളിച്ചു വൃത്തിയായിരുന്നു. കുടിച്ചിട്ടില്ല എന്ന് തോന്നി.
അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞു. അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. പണ്ടത്തേപ്പോലെ ഫോണില്‍ നമ്പരെടുത്ത് അയാള്‍ എന്‍റെ നേരെ നീട്ടി. ഫോണ്‍ തിരികെ കൊടുക്കുമ്പോള്‍ ഞാന്‍ ഒരു മര്യാദ പോലെ ചോദിച്ചു,

“നിങ്ങളുടെ പേര് ഞാന്‍ ഇതുവരെ ചോദിച്ചില്ല.”

“ഹരി.. - ഹരിപ്രസാദ്!” അയാള്‍ പറഞ്ഞു.

“പക്ഷെ നിങ്ങള്‍ അന്വേഷിക്കുന്ന സ്വഭാവങ്ങളുള്ള ഹരിപ്രസാദ് ഞാനല്ല. അയാളെ ഞാന്‍ അറിയും.. എനിക്ക് നല്ല പരിചയമുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യു.. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വരൂ.. ഞാനും പരിശ്രമിക്കുന്നുണ്ട്. എന്നെ വിശ്വസിക്കൂ..


                          *-*-*

അമ്മേ, അമ്മയുടെ ഹരി ഇന്നില്ല. അവന്‍ എന്നേ മരിച്ചു. അവനെ ഈ ലോകം അതിന്‍റെ കെണികളില്‍ പെടുത്തി എന്നേ ശ്വാസം മുട്ടിച്ച് കൊന്നു. അഥവാ, അവനിനി തിരിച്ചുവന്നാലും അവനു നിങ്ങളറിയുന്ന പഴയ ഹരിയാവാനാവില്ല. നിങ്ങളുടെ കൈകളുടെ സുരക്ഷിതത്വത്തില്‍ നിന്ന് നിങ്ങള്‍ എന്തിനാണ് അവനെ തുറന്നു വിട്ടത്? എന്തിനാണ് ലോകത്തിന് ദുഷിപ്പിക്കാന്‍ പാകത്തിന് അവനെ ഒറ്റക്കാക്കിയത്? സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മരുഭൂമിയായിരുന്നു അവനെന്ന്നി ങ്ങള്‍ക്കറിയാമായിരുന്നില്ലേ?

അമ്മേ.., ഹരിയെന്തിനാണ് ഇനി തിരിച്ചു വരുന്നത്? ഹരിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവന്‍ കൊതിച്ച ജീവിതത്തേയും അവന്‍ പ്രണയിച്ച പെണ്ണിനേയും ഒടുവില്‍ നിങ്ങളെത്തന്നെയും.. 

മടങ്ങി വരാനാവാത്ത ഈ യാത്രയില്‍ ഹരിയെന്ന ഈ സൂചകം നിങ്ങള്‍ അറിയാത്ത- നിങ്ങള്‍ അറിയാന്‍ പാടില്ലാത്ത- മറ്റാരുടെയോ ആണ്. മറ്റെതോക്കെയോ ഹരിപ്രസാദുമാരുടെ!


 (2015 ഫെബ്രുവരിയില്‍ എഴുതിയ ഡ്രാഫ്റ്റ്‌) 
No comments:

Post a Comment