Friday, December 21, 2012

കുമദം

കുമദം


   ബീഡി ആഞ്ഞുവലിച്ച് കുമദന്‍ വട്ടത്തില്‍ പുകവിട്ടു. കയ്യിലെ മഷിപ്പേന താഴെ പേപ്പറില്‍ അറ്റങ്ങളില്ലാത്ത വൃത്തങ്ങള്‍ വരച്ചു. അയാളുടെ കൈ കഴച്ചു, മനസ്സും.

   മാസങ്ങളായി അയാള്‍ എഴുതുകയാണ്. തന്‍റെയും തന്‍റെ സഹോദരന്‍ കുന്ദാമന്‍റെയും കഥ. കോല്‍ക്കാരന്‍ വറീതിന്‍റെ മക്കള്‍ എന്നതിലപ്പുറം വളര്‍ന്ന് ഇന്നലെകളില്‍ പുരാവൃത്തങ്ങളുടെ ആനന്തത സൃഷ്ടിച്ച കഥ. ജന്മാന്തരങ്ങളുടെ കഥ. തലമുറകളുടെ കഥ...
                
   പുറത്ത്, തെങ്ങിന്‍മണ്ടയില്‍, പച്ചിലത്തലപ്പുകളില്‍ മഴ പെയ്തു. തൊടിയിലെ പനയുടെ നിറുകയില്‍ മഴമേഘം തൊട്ടു. ചെവി പൊട്ടുമാറ് ആകാശം തലതല്ലിക്കരഞ്ഞു. കുമദന്‍ ഞെട്ടിത്തരിച്ചു.

   കുമദന്‍റെ ഓര്‍മയില്‍ അങ്ങിനെയൊരു ഇടിവെട്ടിയത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. തറവാട്ടിലെ അടുക്കളച്ചായ്പ്പില്‍ മുത്തശ്ശി തേങ്ങ ചിരവുന്നു. ചാണകം മെഴുകിയ തറയിലെ ഓട്ടുപാത്രങ്ങളില്‍ മഴത്തുള്ളികള്‍ താളംപിടിക്കുന്നു. വള്ളിനിക്കറൊക്കെയിട്ട് അതും നോക്കിയിരിക്കുകയാണ് കുമദനും കുന്ദാമനും. കിളിവാതിലിലൂടെ മഴച്ചാറ്റല്‍ ഉള്ളിലേക്ക് കുതിച്ചുകൊണ്ടിക്കുന്നു.. പൊടുന്നനെയായിരുന്നു ഇടി, വെടി പൊട്ടിയപോലെ. ചുവന്ന എന്തോ ഒന്ന്‍ ജനാലയിലൂടെ തെറിച്ചു വന്നു, തീപ്പൊരി ഛിന്നി. കറന്‍റടിച്ചപോലെ തോന്നി കുമദന്. “അമ്മേ” എന്നു വിളിച്ച് അകായിലേക്കോടി, കുമദനും കുന്ദാമനും. പേടിച്ചരണ്ട കുട്ടികളുടെ അടുത്ത് മുത്തശ്ശി വന്നു. കട്ടിലില്‍ കൂടെ കിടത്തി രാമനാമം ചൊല്ലിക്കൊടുത്തു. കുമദന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. കൈകള്‍ കൂപ്പി.

            “രാമരാമരാമ...”

   ചിന്തകളുടെ ചരടുപൊട്ടിയ കുമദന്‍ എഴുന്നേറ്റു, മുറ്റത്ത് മഴത്തുള്ളികള്‍ ചാറുന്നത് നോക്കി നിന്നു. മുറ്റത്ത്‌ വെള്ളം കെട്ടി. മഴത്തുള്ളികള്‍ വൃത്തത്തില്‍ ഓളങ്ങളുണ്ടാക്കി മാഞ്ഞുപോവുന്നു; ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നുന്ന പോലെ... 

   അയ്യപ്പന്‍ പാറയുടെ മുകളില്‍ കിടന്നാല്‍ ആകാശം മുഴുവന്‍ കാണാം, കാക്കത്തൊള്ളായിരം നക്ഷത്രങ്ങളെയും.
 “ഏട്ടാ, നമുക്ക് അവിടെ പോവാം?”,
ചക്രവാകത്തില്‍ കൈചൂണ്ടി കുന്ദാമന്‍ ചെറുപ്പത്തിലൊരിക്കല്‍ ചോദിച്ചു. വൈകിട്ട് എപ്പൊഴോ പാറയുടെ മുകളില്‍ കയറിപ്പറ്റിയതാണ് ജ്യേഷ്ഠനും അനുജനും. ഇപ്പോഴാകട്ടെ, ആകാശം നിറയെ നക്ഷത്രങ്ങള്‍.....കുന്ദാമന്‍റെ കുഞ്ഞുമനസ്സിന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കാന്‍ കുമദന് അന്ന് കഴിഞ്ഞില്ല.

    “എവിടെ?” കുമദന്‍ ചോദിച്ചു.
    “അവിടെ, ആ ആകാശം വന്നു മുട്ടുന്നില്ലേ, അവടെ..”.

കുന്ദാമന്‍ കാണിച്ചുകൊടുത്തു. കുമദന്‍ അന്നോരുപാട് കഷ്ടപ്പെട്ടു, ആകാശം അങ്ങിനെ എവിടെയും വന്നു മുട്ടില്ല എന്നു പറഞ്ഞു മനസ്സിലാക്കാന്‍. അവസാനം, കാണിച്ചുതരാം എന്നുപറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് രക്ഷപെട്ടത്. കുന്ദാമന്‍ പിന്നെ രണ്ടുമൂന്നു ദിവസം മിണ്ടുകയുണ്ടായില്ല, കുമദനോട്.


   അന്നുപിന്നെ ഒന്നും എഴുതിയില്ല, കുമദന്‍. നിര്‍ത്താതെ കുറെ ബീഡി വലിച്ചു. രാത്രി മദ്യപിച്ചു. പിന്നെയും ഒരു ബീഡി. ഉറങ്ങി..
   രാത്രിയിലെപ്പോഴോ കുമദന്‍ എഴുന്നേറ്റു. ഉറക്കത്തിന്‍റെ ആലസ്യത്തില്‍ കഥ തുടര്‍ന്നു. ദേവന്മാരുടെ കഥ. സ്വര്‍ഗത്തിന്‍റെ കഥ. അതില്‍ കുമദനും കുന്ദാമനുമായിരുന്നു രണ്ടു ദേവന്മാര്‍. മുക്കിലെ രവിയുടെ ചായക്കട കഥയില്‍  സ്വര്‍ഗലോകത്തിലെ സുരപാനസദസ്സായി, ത്രിക്കണ്ടപുരത്തെ സ്ത്രീകള്‍ മുഴുവന്‍ അപ്സരസ്സുകളും. ദേവന്മാര്‍ നൃത്തം കണ്ടു രസിച്ചു. മതിയാവോളം മദ്യപിച്ചു. മദ്യലഹരിയില്‍ സ്വര്‍ഗത്തിനുമപ്പുറം മറ്റൊരു സ്വര്‍ഗമുണ്ടെന്ന് തോന്നി ദേവന്മാര്‍ക്ക്. സ്വതസിദ്ധമായ അസൂയയില്‍ ആ സ്വര്‍ഗ്ഗവും കീഴ്പ്പെടുത്തണമെന്നായി പിന്നെ. മേഘത്തേരിലേറി പട പുറപ്പെട്ടു. മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു പടയോട്ടം തുടര്‍ന്നു. ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത സ്വര്‍ഗത്തേക്കാള്‍ ഇപ്പോഴുള്ള സ്വര്‍ഗം തന്നെയാണ് നല്ലെതെന്നു കുമദനാണ് ഒടുവില്‍ ദേവന്മാരെ ഉപദേശിച്ചത്. പട സ്വര്‍ഗത്തില്‍ തിരിച്ചുവരുമ്പോഴുണ്ട്, അവിടം അസുരന്മാര്‍ കൈക്കലാക്കിയിരുന്നു. അങ്ങിനെ വീണ്ടും ദേവാസുര യുദ്ധമായി. വാളുകള്‍ മുത്തം വച്ചു. അമ്പുകള്‍ തമ്മില്‍ പുണര്‍ന്നു. കുമദനും കുന്ദാമനും ധീരമായി പടവെട്ടി. ഒടുവില്‍ അവര്‍ തളര്‍ന്നു...
    
 കുമദന്‍ ഉറങ്ങി.  


      രാവിലെ ഉണര്‍ന്നപ്പോഴേക്കും പുറത്ത് വെയില്‍ വീണിരുന്നു. ഇന്നലത്തെ മഴയില്‍ പ്രകൃതിക്ക് ഒരുന്മേഷം ലഭിച്ചിരിക്കുന്നു. വെയിലില്‍ ഇലകള്‍ തിളങ്ങി. മുറ്റത്ത്‌ രണ്ടു വണ്ണാത്തിപ്പുള്ളുകള്‍ വാലാട്ടി, ചാടിച്ചാടി നടന്നു. ഇടയ്ക്ക് അവ ഒച്ചയുണ്ടാക്കി, മണ്ണില്‍ എന്തിനെയോ ചികഞ്ഞുകൊണ്ടിരുന്നു. അപ്പുറത്ത് ദേവിയുടെ വീടിന്‍റെ മുറ്റത് പുരാതനമായ ശബ്ദങ്ങളുണ്ടാക്കി ഒരു പഴയ മെറ്റഡോര്‍ ടെമ്പോ വന്നു നിന്നു. എന്താണ് അവിടെ നടക്കുന്നതെന്നറിയാന്‍ കുമദന്‍ രണ്ടുമൂന്നുവട്ടം മുറ്റത്ത്‌ ഉലാത്തി. പിന്നെ പോയി കിടന്നു. മച്ചില്‍ തൂങ്ങുന്ന സീലിംഗ് ഫാന്‍ ശബ്ബ്ദം വച്ച് കറങ്ങി. ഒരു ചുഴിയിലെന്നപോലെ തോന്നി അയാള്‍ക്ക്‌. പതിയെ ആ വൃത്തത്തിന്‍റെ ആഴങ്ങളിലേക്ക് അയാള്‍ ഊളിയിട്ടു, ശാന്തം..

   ചെവിയിലെന്തോ അസ്വസ്ഥത തോന്നിയാണ് കുമദന്‍ ഉണര്‍ന്നത്‌. കണ്ണുതുറക്കുമ്പോള്‍ അണിഞ്ഞൊരുങ്ങി മുന്നില്‍ നില്‍ക്കുകയാണ് ദേവി, ശരിക്കുമൊരു ദേവി തന്നെ.. കയ്യില്‍ ഒരു കോഴിത്തൂവല്‍. അതുകൊണ്ട് അയാളുടെ ചെവിയില്‍ ഇക്കിളിയാക്കുകയാണ് അവള്‍. പൊടുന്നനെ ആ കയ്യില്‍ പിടിച്ച് ദേവിയെ തന്നോടടുപ്പിച്ചു, കുമദന്‍. അവള്‍ കട്ടിലില്‍ അയാളോട് ചേര്‍ന്ന് ഇരുന്നു..

   “ഞങ്ങള്‍ ഇന്ന് പോവുകയാണ്” അയാളുടെ കണ്ണുകളില്‍ മെല്ലെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
   “എല്ലാം എടുത്തുവച്ചുവോ?”
   “ഉം”
   “അപ്പൊ എന്നെ കൊണ്ടുപോവുന്നില്ലേ?”

ദേവിയുടെ മുഖം വാടി. അങ്ങിനെയാവുമെന്നു കുമദനും അറിയാമായിരുന്നു. അവളുടെ ഹൃദയം പിടച്ചു. കണ്ണുകളില്‍ നീര്‍ കിനിഞ്ഞു..

   “എന്നെ മറക്കുമോ ?” ഭാരത്തോടെ അവള്‍ ചോദിച്ചു.
   അയാള്‍ക്ക് ചിരിയാണ് വന്നത്. പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “ഇല്ല”
   “ഞാന്‍ വരട്ടെ....” അവള്‍ എഴുന്നേറ്റു .

   പോവാനൊരുങ്ങുമ്പോള്‍ കുമദന്‍ ഒരിക്കല്‍ കൂടി അവളുടെ കയ്യില്‍ പിടിച്ച് തന്നോടടുപ്പിച്ചു . അവളുടെ ചുണ്ടുകളില്‍ ചുമ്പിച്ചു. അയാളില്‍നിന്ന് തന്നെത്തന്നെ പറിച്ചെടുത്ത്, തിരിഞ്ഞുപോലും നോക്കാതെ, അവള്‍ ഓടി. ധാരമുറിയാതെ ആ കണ്ണുകള്‍ നീര്‍ വാര്‍ത്തു. ആ അലസ്യത്തില്‍ കട്ടിലില്‍ നിന്ന്‍ എഴുന്നേക്കാന്‍ പിന്നെ മെനക്കെട്ടില്ല, കുമദന്‍.. ടെമ്പോയുടെ ഇരമ്പിക്കുന്ന ശബദം കുമദനെ സ്പര്‍ശിക്കാതെ കടന്നുപോയി.


      ചുണ്ടുകളില്‍ ഒരു തരിപ്പ്തോന്നി കുമദന്. കുന്ദാമന്‍റെ ശരീരം തണുത്ത് മരവിച്ചിരിക്കുന്നു. ആ‌‍ന്ത്യചുമ്പനം കൊടുത്ത് കുന്ദാമനെ പറഞ്ഞയക്കുമ്പോള്‍ വേദനയെക്കാളുപരി ഒരു മരവിപ്പാണയാള്‍ക്ക് ഉണ്ടായത്‌, പിന്നെ എങ്ങിനെയെങ്കിലും ഹൗറാ പാലം കടക്കണമെന്നും. നാട്ടിലേക്കുള്ള ട്രെയിനില്‍ ഇരിക്കുമ്പോള്‍ ജോലി  അന്വേഷിച്ച് മാസങ്ങള്‍ക്കുമുമ്പ് കുന്ദാമനോടോത്ത് കൊല്‍കത്തയില്‍ വന്നതും പിന്നീട് ഭക്ഷണം പോലും ഇല്ലാതെ അലഞ്ഞുനടന്നതും, മണ്‍സൂണ്‍ മഴയില്‍ കുന്ദാമന് കോളറ പിടിച്ച്‌ ചികിത്സ കിട്ടാതെ മരിച്ചതുമെല്ലാം ഒരു സ്വപ്നം പോലെ കണ്‍മുന്നില്‍ തെളിഞ്ഞു. കുമദന്‍ കണ്ണുകളിറുക്കിയടച്ചു.
         
   സന്ധ്യയ്ക്ക് മുറിയിലെ എഴുത്തുമേശയുടെ നടുവിലായി കുമദന്‍ ഒരു മെഴുകുതിരി കത്തിച്ചുവച്ചു. ആ മേശയുടെ അങ്ങേയറ്റത്ത് കസാലയില്‍ ഒരു മാലാഖ വന്നിരുന്നു. മാലാഖയ്ക്ക് ദേവിയുടെ ഛായയായിരുന്നു. അന്ന്‍ കുമദന്‍ ഒരു മാലാഖയുടെ കഥ പറഞ്ഞു. മനുഷ്യനെ സ്നേഹിച്ച മാലാഖയുടെ കഥ. കാമുകന്‍റെയൊപ്പം മാലാഖ നടന്നു. അവന്‍റെ വാക്കുകളിലെ മധു നുകര്‍ന്നു. നെഞ്ചിലെ ചൂടേറ്റു, മനുഷ്യന്‍റെ ചുണ്ടുകള്‍ക്ക് മധുരമാണെന്നറിഞ്ഞു. സ്വര്‍ഗ്ഗത്തെപ്പോലും വിസ്മയിപ്പിക്കുന്ന നീലക്കടലാണ് അവന്‍റെ കണ്ണുകളെന്ന് അവള്‍ പറഞ്ഞു. മനുഷ്യനായി മാറാനായെങ്കിലെന്നവള്‍ കൊതിച്ചു. സ്വര്‍ഗത്തില്‍ നിന്ന്‍ ഒടുവില്‍ ദൈവം വിളിച്ചു. പോവുകയെല്ലന്നു കരഞ്ഞ് അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു. പൊടുന്നനെ മാലാഖയുടെ ചിറകുകള്‍ കൊഴിഞ്ഞുവീണു..

  തുവല്‍ പോലെ കനം കുറഞ്ഞ മനസുമായി കുമദന്‍ ഉറങ്ങി. ഉറക്കത്തിന്‍റെ ഏതോ യാമത്തില്‍ ദേവി വന്നു, സ്വപ്നമായി. അയാളുടെ നെഞ്ചിലെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് അവള്‍ വിളിച്ചു-

     “പ്രിയനേ....”
അവളുടെ മുടിയിഴയിലൂടെ അയാള്‍ തലോടി. എന്നിട്ട് കരുണയോടെ മൂളി, “ഉും...”
  “കഥയിലെ മാലാഖ ഞാനാണോ?” താത്പര്യത്തോടെ അവള്‍ ചോദിച്ചു.
അയാള്‍ അവളിലേക്ക് ചാഞ്ഞു.
  “അതെ”
  “ദൈവം വന്നു വിളിച്ചാലും എന്നെ കൊടുക്കില്ലേ ?”
  “ഇല്ല” ഉറപ്പോടെ അയാള്‍ പറഞ്ഞു, “ദൈവം വന്നു വിളിക്കുമ്പോള്‍ എന്നെ പുണര്‍ന്ന്‍ നിന്നാല്‍ മതി !”.

   തീരാത്ത സംശയങ്ങള്‍ കൊണ്ട് ദേവി കുമദനെ ശ്വാസം മുട്ടിച്ചു,

“മാലാഖയെ ദൈവം മനുഷ്യനാക്കി, എന്നെ എന്തയിട്ടായിരികും മാറ്റുക?”
“മൃഗം”.

   കുമദന്‍ ചിരിച്ചു, ദേവിയും. പിന്നീടതൊരു പൊട്ടിച്ചിരിയായി മാറി.
ദേവന്മാരും അപ്സരസ്സുകളും മാലാഖകളും ഇല്ലാത്ത ലോകത്തേക്ക് കുമദന്‍ ഉണര്‍ന്നു. എങ്ങോനിന്നുവന്ന മുല്ലപ്പൂവിന്‍റെയും ചന്ദനത്തിരിയുടെയും ഗന്ധം. കുമദന്‍ ആഞ്ഞു വലിച്ചു. ഒരുനിമിഷം അയാള്‍ അത് ആസ്വദിച്ചു. അടുത്ത നിമിഷം ദുര്‍ഗന്ധമെന്നപോലെ ഉച്ച്വസിച്ചു. അയാള്‍ അസ്വസ്ഥനായി. തലയെ രണ്ടുകൈകൊണ്ടും താങ്ങി കുമദന്‍ ഇരുന്നു.

   ദൂരെയെവിടെയോ ഒരു വിവാഹമണ്ഡപത്തില്‍ ദേവി തലകുനിച്ച്‌ ഇരുന്നു. ഗഡ്ഡിമേളത്തിന്‍റെയും കുരവയുടെയും അകമ്പടിയില്‍ നിലവിളക്കിനെ സാക്ഷിനിര്‍ത്തി ഏതോ ഒരുവന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഒരു തുള്ളി കണ്ണുനീരില്‍ മുക്കി ദേവി കുമദനെന്ന സ്മരണയെ മുക്കിക്കൊന്നു.

   പെരിയാര്‍ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. മൂടിക്കെട്ടിയ ആകാശത്തിനു കീഴെ നെയ്യുണങ്ങിയ പടവില്‍ കുമദന്‍ ഇരുന്നു, അയാളുടെ അരികിലായി പട്ടുകൊണ്ട് വായ്മൂടിക്കെട്ടിയ കുടത്തില്‍ കുന്ദാമന്‍റെ ചിതാഭസ്മവും.  ഇരുന്നു മടുത്തപ്പോള്‍ കുമദന്‍ എഴുന്നേറ്റു. തോള്‍സഞ്ചിയില്‍ കരുതിയ കീറ്റിലയില്‍ ഒരുപിടി അരിയും എള്ളും ഉരുട്ടിവച്ചു. സാവധാനം എഴുന്നേറ്റ് അനുജന്‍റെ ചിതാഭസ്മവുമായി അയാള്‍ പുഴയിലേക്കിറങ്ങി. ഉറച്ച കാലടികളുമായി കുമദന്‍ പുഴയുടെ ആഴങ്ങള്‍ തേടി. അയാളുടെ തലയ്ക്കു മീതെ വട്ടത്തില്‍ ഒരു കുഞ്ഞോളമുണ്ടായി. അവ വലുതായി വലുതായി തീരം തേടി പുറപ്പെട്ടു. അയാളുടെ തലയ്ക്കു മീതെ പുഴ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ പിന്നെയും ഒഴുകി.


    കുമദന്‍റെ വീട്ടില്‍, അയാള്‍ തീകൊളുത്തിയിട്ടു പോന്ന എഴുത്തുകെട്ടുകളുടെ ഭസ്മത്തിന്‍റെ ഉള്ളിലെവിടെയോ നിന്ന് ഒരു പുകച്ചുരുള്‍ മേല്ലെയുയര്‍ന്നു, കാറ്റില്‍ അത് തെക്കോട്ട് പറന്നു..

5 comments:

  1. കുമുദം നന്നായി,.....കുമുദന്‍ ഒരു വിങ്ങലും...

    ReplyDelete
  2. സ്വപ്നവും സ്വപ്നത്തിന്റെ ഉള്ളില്‍ മറ്റൊരു സ്വപ്നവും അല്പം കണ്ഫ്യൂഷന് ഉണ്ടാക്കി.നല്ല കഥ. ആശംസകള്‍.

    ReplyDelete
  3. കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....!!

    ReplyDelete
  4. കുമദന്‍ എന്നയാളുടെ മാനസിക സങ്കര്ഷരങ്ങളുടെ കഥയാണ്‌ കുമദം. ജോലി തേടി 1940തുകളില്‍ കൊല്ക്ക്ത്തയിലേക്ക്‌ ട്രെയിന്‍ കയറിയ രണ്ടുപേരാണ് കുമദനും അയാളുടെ സഹോദരന്‍ കുന്ദാമനും. ജോലിയൊന്നും കിട്ടാതെ അവിടെ അലയുന്നതിനിടെ കോളറ പിടിച്ച്‌ കുന്ദാമന്‍ മരിക്കുന്നു. അതോടുകൂടി മനം മടുത്ത കുമദന്‍ അനുജന്റെ് ചിതാഭാസ്മവുമായി നാട്ടിലേക്ക് ട്രെയിന്‍ കയറുന്നു. നാട്ടില്‍ വന്ന് അവരുടെ ജീവിതത്തെക്കുറിച്ച് അയാള്‍ ഒരു നോവല്‍ എഴുതാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.
    നേരെ എഴുതുന്നതിനു പകരം അല്പ്പംന അതിശയോക്തിയിലാണ് കുമദന്‍ എഴുതുന്നത്- അയാളുടെ നാടായ ത്രിക്കണ്ടപുരത്തെ ചായക്കടയെ അയാള്‍ സ്വര്ഗ്ലോകമാക്കി മാറ്റുന്നു, ദേവി എന്ന അയാളുടെ കാമുകിയെ മാലാഖയായി സങ്കല്പ്പി ക്കുന്നു.. അങ്ങിനെയെല്ലാം..അനുജന്‍ മരിച്ചപ്പോഴുണ്ടായ സങ്കടവും, മദ്യവും പുകവലിയും സമ്മാനിക്കുന്ന ലഹരിയും ചേര്ന്ന് ഉന്മാദതിന്നടുത്ത ഒരു അവസ്ഥയിലാണ് അയാള്‍.
    ആ അവസ്ഥയിലെ അയാളുടെ മനസ്സിനെ അവതരിപ്പിക്കുവാനാണ് ഞാന്‍ ഈ കഥയില്‍ ശ്രമിച്ചത്.അതുകൊണ്ടാണ് നിരതെറ്റിയ ഒരു ആഖ്യാനരീതി തിരഞ്ഞെടുത്തതും. അതേ കാരണം കൊണ്ടുതന്നെ വര്ത്ത മാനവും ഭൂതവും സ്വപ്നങ്ങളും കഥയില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. എന്റെവ അഭിപ്രായത്തില്‍ അതുതന്നെയാണ് ഈ കഥയുടെ ഭംഗിയും..
    ആദ്യവായനയില്‍ തന്നെ ഈ കഥ മനസ്സിലാക്കാന്‍ അല്പ്പംം ബുദ്ധിമുട്ടാണെന്ന കാര്യം ഞാനും സമ്മതിക്കുന്നു.. അതുകൊണ്ട് രണ്ടാമതൊന്നുകൂടി ഈ കഥ വായിക്കാന്‍ ഞാന്‍ എന്റെ മാന്യ വായനക്കാരോട് അഭ്യര്ത്ഥിാക്കുന്നു..
    നന്ദി ശ്രീ അജിത്ത്,കുട്ടന്‍,ഉദയപ്രഭന്‍ ...

    ReplyDelete
    Replies
    1. Thanks for clarification





      (Please disable word verification)

      Delete