Tuesday, January 9, 2018

സ്വര്‍ഗ്ഗാരോഹണം


അവതാരോദ്ദേശ്യം പൂര്‍ത്തിയായ സ്ഥിതിക്ക്
ഇനി സ്വര്‍ഗ്ഗാരോഹണം ചെയ്തുകളയാം
എന്ന് വിചാരിക്കുകയാണ്.

ഭക്ഷണം കഴിക്കുവാനും
വീട്ടുവാടക കൊടുക്കാനും വേണ്ടി മാത്രം
ഇവിടെ ഇങ്ങനെ തങ്ങുന്നതില്‍ വലിയ അര്‍ത്ഥമില്ല.
മാത്രമല്ല,
ഈ രണ്ടു കൂട്ടങ്ങളും തരപ്പെടുത്താന്‍ വേണ്ടി മാത്രം
ഈ നശിച്ച ജോലിക്ക് പോവേണ്ടാതായും വരുന്നു.
പറഞ്ഞു വരുമ്പോള്‍ ഇവിടെ ജീവിക്കുവാന്‍
ഇപ്പോള്‍ വലിയ പാടാണ്.
യുദ്ധങ്ങളൊന്നും ഇല്ലാത്തതുകൊണ്ടോ എന്തോ,
ജാതി, മതം, രാഷ്ട്രീയം, നിറം, സംസ്ഥാനം
എന്നൊക്കെ പറഞ്ഞ് ആളുകള്‍ തമ്മില്‍
ചത്തും കൊന്നും കൊണ്ടിരിക്കുകയാണ്.
ആധാര്‍, പാന്‍ കാര്‍ഡ്‌, ജി. എസ്. റ്റി എന്നൊക്കെ വേറെയും.
പോരാത്തതിന് ഭൂമിയില്‍ ചൂട് കൂടിക്കൂടി വരികയാണ്.

അങ്ങനെ പറയത്തക്കതായി ഒന്നുമുണ്ടാവില്ല.
ആകാശം പിളരുകയോ തൂവെള്ള മേഘങ്ങള്‍ വന്നു മൂടുകയോ
ചെയ്തെന്നിരിക്കില്ല.
കാറ്റു വീശുമ്പോള്‍ നിലത്തു കിടക്കുന്ന കരിയിലകള്‍
അതിന്‍റെയൊപ്പം ഓടിപ്പോകുന്ന പോലെ.
വെറുതേ നില്‍ക്കുന്ന മരച്ചില്ലയില്‍ നിന്ന് ഒരു
പഴുത്തില ഞെട്ടറ്റു വീഴുന്ന പോലെ...
ചിലപ്പോള്‍ അത്രപോലുമുണ്ടാവില്ല.
ഉത്തരത്തിലെ 
പായലുപിടിച്ചോരോടിന്‍റെ വക്കില്‍ ഊറിക്കൂടിയ 
അവസാനത്തെ മഴതുള്ളി
എന്തോ ഓര്‍ത്തിട്ടെന്നവണ്ണം 
മണ്ണിലേക്കെടുത്തു ചാടുന്ന പോലെ..
ഒരു മാറ്റവുമുണ്ടാവില്ല.
ഒരു കുഞ്ഞു പോലും ശ്രദ്ധിച്ചെന്നിരിക്കില്ല.

എന്നും രാവിലെ ജോലിക്ക് പോവാന്‍ നില്‍ക്കുമ്പോള്‍
റോഡിനു കുറുകെയുള്ള നടപ്പാലം കടന്നു വരാറുള്ള
നീളന്‍ മുടിയുള്ള ആ പെണ്‍കുട്ടി 
ചിലപ്പോള്‍ ഓര്‍ക്കാന്‍ ഇടയുണ്ട്.
ബസ്സിന്‍റെ വാതിലിനോടു ചേര്‍ന്നുള്ള
കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍
അവള്‍ ചിലപ്പോഴൊക്കെ
എന്നെ ഒളികണ്ണിട്ട് നോക്കാറുണ്ട്.
അബദ്ധവശാല്‍ അവള്‍ ഇനി ഓര്‍ത്താല്‍ തന്നെ
ഞാന്‍ താമസം മാറി പോയെന്നോ മറ്റോ കരുതി
എന്നത്തേയും പോലെ 
അവളുടെ ഫോണിലേക്ക് തലയും കുമ്പിട്ട്‌ 
യാത്രകള്‍ തുടര്‍ന്നേക്കാം.

വെറൊരാളുണ്ട്.
സദാ സമയവും കടും നിറങ്ങളിലുള്ള
ലിപ്സ്റ്റിക്കും തേച്ചു നടക്കുന്ന
ഹൌസിംങ്ങ് കോളനിയിലെ ആ അമ്മച്ചി.
ബാച്ചിലേഴ്സിനെ കോളനിയില്‍
താമസിപ്പിക്കുന്നതില്‍ അവര്‍ക്ക്
വലിയ എതിര്‍പ്പായിരുന്നു.
രാത്രിയിലെ ബഹളങ്ങള്‍ കേള്‍ക്കാതാവുമ്പോള്‍
ശല്യങ്ങള്‍ ഇനി അവിടെ ഇല്ലേ 
എന്നെങ്ങാനും അവര്‍ ആശ്ചര്യപ്പെട്ടേക്കാം.

മഹേഷും ധനീഷും വെള്ളിയാഴ്ചകളില്‍
കുപ്പി പൊട്ടിക്കുമ്പോള്‍
എനിക്കു വേണ്ടി ഒരു ഗ്ലാസ്‌
ചിലപ്പോള്‍ ഒഴിച്ചു വയ്ക്കാന്‍ സാധ്യതയുണ്ട്.
ആഴ്ച്ചതോറും അവര്‍ എവിടെനിന്നൊക്കെയോ
കണ്ടെത്തിക്കൊണ്ടുവരുന്ന 
പുതിയ സുഹൃത്തുക്കളുള്ളതുകൊണ്ട് 
അധികനാള്‍ അത്
കാലിയായി ഇരിക്കാന്‍ വഴിയില്ല.

മറ്റൊരാളുണ്ട്.
ഞാന്‍ തേച്ചിട്ടുപോയി എന്ന്
എല്ലാവരോടും പരാതി പറഞ്ഞുകൊണ്ടു നടക്കുന്ന
എന്‍റെ പഴയ കാമുകി.
നിങ്ങള്‍ ഇനി അവളെ കാണുകയാണെങ്കില്‍
എന്‍റെ അമ്മയ്ക്ക് 
അവളെ ഇഷ്ട്ടമില്ലാത്തതുകൊണ്ടാണ്
അവളെ ഞാന്‍ കെട്ടാഞ്ഞതെന്നു 
ഒന്ന് പറഞ്ഞേക്കണം.
ആ ഒരു കാര്യം മാത്രം
നല്ലരീതിയില്‍ അവസാനിപ്പിക്കാന്‍
എനിക്ക് പറ്റിയിട്ടില്ല. 
                                              
***
ഇത്രയും പേര്‍ ഓര്‍ക്കാന്‍ ഇടയുണ്ടെങ്കില്‍ തന്നെ
അവതാരോദ്ദേശ്യം 
ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു.
അല്ലെങ്കില്‍ തന്നെ, എത്ര മരിച്ചുപോയവരെ
നിങ്ങള്‍ ഓര്‍ക്കാറുണ്ട് ?

2 comments:

  1. ഹാ ഹാ ഹാ.വീട്ടുകാർ ബ്ലോഗ്‌ വായിക്കുന്നില്ലല്ലോ അല്ലേ?!?!!?!

    ReplyDelete
    Replies
    1. വീട്ടുകാര്‍ വായിക്കാത്തിടത്തോളം ഒരു റിലാക്സേഷന്‍ ഉണ്ട്. എങ്ങാനും വായിച്ചാല്‍ പിന്നെ ഓടാന്‍ കണ്ടം എവിടെയുണ്ടെന്ന് നോക്കിയാല്‍ മതി! :p

      Delete